ബേക്കറികളിലും മറ്റ് കടകളിലും ചിപ്സ് വില്പനയിൽ കുറവ്
ആലപ്പുഴ : ഉപ്പേരി ഇനങ്ങളുമായി വഴിയോരങ്ങളിൽ കച്ചവടക്കാർ നിരന്നതോടെ ഈ ഓണക്കാലത്ത് ബേക്കറി ഉടമകൾക്ക് വരുമാനനഷ്ടം. മുൻ വർഷങ്ങളിൽ ഓണക്കാലത്ത് ഉപ്പേരിവിഭവങ്ങൾ വാങ്ങാൻ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന ബേക്കറികളിലും ഉപ്പേരികൾ വറുത്തു വിറ്റിരുന്ന മറ്റ് കടകളിലും ഇത്തവണ ആവശ്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി.
നേന്ത്രക്കായയിൽ ഉണ്ടാക്കിയ ചിപ്പ്സിന് ബേക്കറികളിലും മറ്റും കിലോഗ്രാമിന് 320രൂപ വിലയാണെങ്കിൽ വഴിയോരക്കച്ചവടക്കാരുടെ പക്കൽ ഇത് 160മുതൽ 180രൂപ വരെയേയുള്ളൂ. നേന്ത്രക്കായയ്ക്ക്കിലോഗ്രാമിന് 54രൂപയാണ് വില. ഭക്ഷ്യസുരക്ഷാ വിഭാഗവും , അളവ് തൂക്ക വിഭാഗം, ആരോഗ്യ വകുപ്പ്, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവരും വഴിയോരക്കച്ചവടക്കാർക്കെതിരെ പരിശോധന നടത്താൻ തയ്യാറാകത്തതിൽ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. നിർമ്മാണ തീയതിയും കാലാവധിയും നിർമ്മാതാവിന്റെ പേരും കവറിൽ രേഖപ്പെടുത്താതെയാണ് വഴിയോരങ്ങളിലെ വില്പന.
കായയുടെ വില കുറഞ്ഞ അവസരത്തിൽ കൂടുതൽ വാങ്ങി പെട്രോളിയം ഉത്പന്നത്തിൽ തയ്യാറാക്കിയ എണ്ണകളിൽ വറുത്തെടുത്ത് പ്ളാസ്റ്റിക്ചാക്കിൽ നിറച്ച് ഇരുട്ട് മുറിയിൽ ശേഖരിച്ച ഉപ്പേരി വിഭവങ്ങളാണ് വഴിയോരങ്ങളിൽ വിൽക്കുന്നതെന്ന് ബേക്കറി ഉടമകൾ പറയുന്നു . ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്ന എണ്ണയാണ് വറുക്കാനുപയോഗിക്കുന്നതെന്നും അവർ ആരോപിച്ചു . ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സാധനങ്ങൾ കമ്മിഷൻ വ്യവസ്ഥയിൽ ചിപ്സ് എത്തിച്ച് കൊടുക്കുന്ന സംഘങ്ങളുമുണ്ട്.
ഉപ്പേരി വിഭവങ്ങളുടെ വില കിലോഗ്രാമിന്
ചിപ്സ് (ഓയിലിൽ വറുത്തത്)................260
ചിപ്സ് (വെളിച്ചെണ്ണയിൽ വറുത്തത്)...320
ശരക്കരവരട്ടി ...................................280
ചക്കഉപ്പേരി.....................................280
(വഴിയോര കച്ചവടക്കാർ വിൽക്കുന്നത്)
ചിപ്സ്...............160-180
.....................................................................
എണ്ണ വില (കിലോഗ്രാമിന് രൂപയിൽ)
വെളിച്ചെണ്ണ..........175
പാമോയിൽ.............94
സൺഫ്ളവർ............86-90
(പെട്രോളിയം ഉത്പന്നത്തിൽ തയ്യാറാക്കിയ എണ്ണയ്ക്ക് ഇതിലുംവിലക്കുറവ്)
"കാലപ്പഴക്കം ചെന്നതും രോഗം ഉണ്ടാക്കുന്നതുമായ ചിപ്സാണ് നിരത്തുകളിൽ നിന്ന് ലഭിക്കുന്നത്. ഒരുതരത്തിലുള്ള നികുതിയും അടക്കാതെയുള്ള നിരത്ത് കച്ചവടക്കാരെ നിയന്ത്രക്കാൻ അധികാരികൾ നടപടിയെടുക്കണം.
നഗരത്തിലെ ഒരു വ്യാപാരി