തുറവൂർ: കൊവിഡ് മൂലം തൊഴിലും വരുമാനവും നഷ്ടമായവർക്ക് തൊഴിൽ സംരംഭക സഹായ പദ്ധതിയുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം എൻ.സജി. മികവ് 2020ൽ ഉൾപ്പെടുത്തിയാണ് പട്ടണക്കാട് ബ്ലോക്കിലെ സ്വാശ്രയ സംഘങ്ങൾക്ക് പുതിയ തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് സഹായഹസ്തവുമായി ബ്ലോക്ക് അംഗം രംഗത്തിറങ്ങിയത്.
വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം എന്നീ പദ്ധതികൾക്കാണ് പ്രാധാന്യം നൽകുന്നത്. താത്പര്യമുള്ള സ്വാശ്രയ സംഘങ്ങൾക്ക് സാങ്കേതിക പരിശീലനം, പ്രോജക്ട് തയ്യാറാക്കൽ, സാമ്പത്തിക സഹായം ലഭ്യമാക്കൽ എന്നീ സേവനങ്ങൾ ലഭിക്കും. കൂടാതെ ഗവേഷണ സ്ഥാപനങ്ങൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവയുടെ സേവനവും ഉറപ്പാക്കും. വിദ്യാഭ്യാസ പുരോഗതിയും തൊഴിൽ പരിശീലന പരിപാടിയും ലക്ഷ്യം വച്ച് മികവ് എന്ന പേരിൽ നൂതന പരിപാടികളാണ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ സജി ഏറ്റെടുത്തത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് സ്വന്തം നിലയിൽ സാനിട്ടൈസറും മാസ്കുകളും വിതരണം ചെയ്തതു കൂടാതെ ലോക്ക്ഡൗൺ കാലത്ത് പട്ടണക്കാട് ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പുകളും രോഗികൾക്ക് സൗജന്യ മരുന്ന് വിതരണവും നടത്തിയിരുന്നു. 10,000 കുടുംബങ്ങൾക്ക് റസിഡന്റ്സ് അസോസിയേഷനുകൾ വഴിയും നേരിട്ടും കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ എൻ.സജിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.