gs


ആലപ്പുഴ: നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ തലശ്ശേരി- മാഹി ബൈപ്പാസിൽ ധർമ്മടം നദിയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പാലത്തിലെ 4 ഗർഡറുകൾ വീണതിന്റെ സാങ്കേതിക അന്വേഷണത്തിനായി കോഴിക്കോട് എൻ.ഐ.ടിയെ ചുമതലപ്പെടുത്തിയെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ തുടർ നടപടികളിലേക്ക് കടക്കുമെന്നും എൻ.എച്ച്.എ.ഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു.

നിർമ്മാണവുമായി സംസ്ഥാന സർക്കാരിന് യാതൊരു ബന്ധവുമില്ല എന്നിരിക്കെ ഗർഡറുകളുടെ വീഴ്ചയുടെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിൽ കെട്ടിവയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങൾ ദുരുദ്ദേശപരമാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. എൻ.എച്ച്.എ.ഐയുടെ ചുമതലയിലുള്ള പാലത്തിൽ നടന്ന അപകടത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സർക്കാരിനും പൊതുമരാമത്ത് വകുപ്പിനുമാണെന്ന് പറയുന്നത് തികഞ്ഞ അസംബന്ധമാണ്. ധർമ്മടം നദിയിലാണ് പാലമെന്നതിനാലും ധർമ്മടത്തെ ജനപ്രതിനിധിയാണ് മുഖ്യമന്ത്രി എന്നതിനാലും കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷമെന്നും ജി. സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.