മാവേലിക്കര: ആറന്മുളയിലെ 52 കരകളിൽ മുടങ്ങാതെ 150 വർഷമായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് പള്ളിയോടത്തിൽ എത്തി തിരുമുൽ കാഴ്ച സമർപ്പിക്കുന്ന ചെന്നിത്തല പള്ളിയോടം ഈ വർഷവും യാത്രപോകില്ല. എന്നാൽ ആറന്മുളയപ്പന് തിരുമുൽകാഴ്ച സമർപ്പിക്കുന്ന ചടങ്ങ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് തുഴച്ചിൽകാർക്ക് അകലം പാലിക്കാനായി പള്ളിയോടത്തിന് 2ലക്ഷം രൂപ ചെലവഴിച്ച് വില്ല് പണിഞ്ഞ് നെയ്യിട്ട് ഒരുക്കിയിരുന്നെങ്കിലും പള്ളിയോട യാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 2, 3 തീയതികളിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ പള്ളിയോട പുരയിൽ വച്ച് നിറപറ വഴിപാടുകൾ സ്വീകരിക്കും. 4ന് ഉതൃട്ടാതി നാളിൽ രാവിലെ 9ന് പള്ളിയോട പുരയിൽ നിന്ന് പാർത്ഥസാരഥിക്ക് സമർപ്പിക്കുവാനുള്ള തിരുമുൽ കാഴ്ചയുമായി കരമാർഗം ആറന്മുളയിൽ എത്തി സമർപ്പണം നടത്തുമെന്ന് പ്രസിഡന്റ് അനിൽ സെക്രട്ടറി കെ.ശശീന്ദ്രൻപിള്ള എന്നിവർ അറിയിച്ചു.