മാവേലിക്കര: നഗരസഭാ പ്രദേശത്തെ പുറമ്പോക്ക് ഭൂമി പതിച്ചു കൊടുത്തത് പുന:പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് എസ്.രാജേഷ് ആവശ്യപ്പെട്ടു. സ്വന്തമായി ധാരാളം ഭൂമിയുള്ള സമ്പന്ന കുടുംബത്തിലെ ഒന്നിലധികം വ്യക്തികളുടെ പേരിൽ പുറമ്പോക്ക് പതിച്ചുകൊടുത്തതായും ഒരു വ്യക്തിയുടെ പേരിൽ രണ്ടു തവണ ഭൂമി പതിച്ചു കൊടുത്തതായും രേഖകളിൽ ഉണ്ട്. 2008 മാർച്ച്‌ വരെ മാത്രം പാട്ടത്തിന് കൊടുത്ത 12.5സെന്റ് പുറമ്പോക്ക് എവിടെയാണെന്ന് അറിയാത്ത അവസ്ഥയാണ്. ഭൂമി ഇല്ലാത്ത 700 ഓളം കുടുംബങ്ങൾ നഗരപ്രദേശത്തുണ്ട്. രണ്ടോ മൂന്നോ സെന്റ് ഭൂമി കൈയേറി ചെറിയ വീടുവച്ച് 30 വർഷമായി താമസിക്കുന്ന നിരവധി പാവപെട്ട കുടുംബങ്ങൾക്ക് പല കാരണങ്ങൾ പറഞ്ഞു അധികാരികൾ പട്ടയം നിഷേധിക്കുമ്പോൾ പുളിമൂട് പാലത്തിനു സമീപം 2 കോടി മതിപ്പു വില വരുന്ന പുറമ്പോക്ക് ഭൂമി ചില വ്യക്തികൾക്ക് പതിച്ചു കൊടുത്തി​രി​ക്കുകയാണ്. റീസർവേ പ്രാബല്യത്തിൽ വന്നപ്പോൾ നേരത്തെ ഉണ്ടായിരുന്ന പുറമ്പോക്ക് ഭൂമി എങ്ങനെ അപ്രത്യക്ഷമായെന്നും വിജിലൻസ് അന്വേഷിക്കണമെന്ന് എസ്.രാജേഷ് ആവശ്യപ്പെട്ടു.