a

മാവേലിക്കര: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച, കൊച്ചിക്കൽ തൊമ്മൻ പറമ്പിൽ പി.ജെ. ജോണിന്റെ ഭാര്യ കുഞ്ഞമ്മയ്ക്ക് (82) കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം വിട്ടു നൽകുന്നതിന് മുന്നോടിയായി സ്വകാര്യ ആശുപത്രി അധികൃതർ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ‍് സ്ഥിരീകരിച്ചത്. മൃതദേഹം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സെമിത്തേരിയിലെ കല്ലറയിൽ സംസ്കരിച്ചെതെന്ന് ആരോപിച്ചു നാട്ടുകാർ രംഗത്തെത്തിയത് സംഘർഷം സൃഷ്ടിച്ചു.

പി.പി.ഇ കിറ്റിന്റെ ഭാഗങ്ങൾ സെമിത്തേരിക്ക് പുറത്ത് കിടക്കുന്നത് കണ്ടതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മൃതദേഹം പുറത്തെടുത്തു ദഹിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു. നഗരസഭ കൗൺസിലർമാരായ ആർ.രാജേഷ് കുമാർ, സി.സുരേഷ്, രമേഷ് കുമാർ, സി.ഐ ബി.വിനോദ് കുമാർ എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കാരം നടത്തിയതെന്നു സി.ഐ വ്യക്തമാക്കി. കല്ലറ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്ററിംഗ് നടത്താമെന്നും പി.പി.ഇ കിറ്റുകൾ സുരക്ഷിതമായി മറവുചെയ്യാമെന്നും പ്രദേശത്ത് അണുനശീകരണം നടത്താമെന്നും ഉറപ്പ് ലഭിച്ചതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.