ഹരിപ്പാട്: കായംകുളം എക്‌സൈസ് മുതുകുളം പടിഞ്ഞാറൻ മേഖലയിൽ നടത്തിയ പരിശോധനയിൽ 495-ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. മായിക്കൽ ക്ഷേത്രത്തിന് പടിഞ്ഞാറ് നിന്ന് പാണ്ഡിക്കുന്നേലോട്ട് പോകുന്ന റോഡിന്റെ സമീപത്തായി കായൽച്ചിറയിൽ ചാരായം വാറ്റുന്നതിനിടെയാണ് 50-ലിറ്റർ കോട പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ടയുടൻ വാറ്റ് നടത്തിയിരുന്നയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പ്രദേശേത്ത് നടത്തിയ തിരച്ചിലിലാണ് 445-ലിറ്റർ കോട കൂടി കണ്ടെടുത്തത്. 50-ലിറ്ററിന്റെ നാലും 35-ലിറ്ററിന്റെ ഏഴു കന്നാസുകളിലുമാക്കിയാണ് കോട സൂക്ഷിച്ചിരുന്നത്. 100-ലിറ്ററിന്റെ അലൂമിനിയം കലം, 40-ലിറ്റർ ചരുവം, വലിയ ഇല്ലി ചട്ടി, ട്യൂബ് ഘടിപ്പിച്ച മൺചട്ടി, പാചക വാതക അടുപ്പ്, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ അജീഷ് കുമാർ എന്നയാൾക്കെതിരെ എക്‌സൈസ് കേസെടുത്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.ശ്രീകണ്ഠന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ എസ്.അനിർഷയുടെ നിർദേശാനുസരണമാണ് പരിശോധന നടത്തിയത്. സി.ഇ.ഒ.മാരായ കെ.പി.പദ്മകുമാർ, വി.അരുൺ, എൻ.ബിജു, റിനീഷ്, പ്രദീപ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.