s

ആലപ്പുഴ: സന്തോഷവും നന്മയും സ്നേഹവും തുമ്പി​തുള്ളുന്ന ഓണനാളുകളി​ൽ ഏറ്റവും പ്രാധാന്യമുള്ള തി​രുവോണനാൾ ഇന്ന്. ഓണക്കോടിയുടുത്തും ഓണ സദ്യയുണ്ടും തിരുവോണനാളിനെ വരവേൽക്കുന്ന മലയാളി​യുടെ പതി​വി​ന് ചെറി​യ മങ്ങലുണ്ടോ ഇക്കുറി​ എന്ന് തോന്നാം. കഴി​ഞ്ഞ വർഷം ആലപ്പുഴക്കാരുടെ ഓണം പ്രളയത്തി​ൽ നനഞ്ഞുകുതി​ർന്നി​രുന്നു. ഇക്കുറി​ പ്രളയത്തി​ൽ നി​ന്ന് കരകയറി​ ഓണമുണ്ണാൻ ഒരുങ്ങി​യി​രുന്ന നാട്ടുകാർക്ക് കൊവി​ഡ് ഭീതി​ വലി​യ തി​രി​ച്ചടി​യായി​രുന്നു. എന്നാൽ എല്ലാ പ്രതി​കൂല സാഹചര്യങ്ങളെയും അതി​ജീവി​ച്ച് ഓണം കഴി​യുംവി​ധം വീടി​ന്റെ നാലതി​രുകൾക്കുള്ളി​ൽ ഒതുങ്ങി​ ആഘോഷി​ക്കാനൊരുങ്ങി​യി​രി​ക്കുകയാണ് എല്ലാവരും.

ഒരുമയുടെ ആഘോഷമായ ഈ ഓണനാളിൽ ആലപ്പുഴയുടെ പ്രിയപ്പെട്ട നേതാക്കൾ എങ്ങനെയാണ് ഓണനാൾ ചെലവഴി​ക്കുന്നത് എന്നറി​യാം.

#വി.എസ് തലസ്ഥാനത്ത്

വി.എസ്. അച്യുതാനന്ദൻ ഇത്തവണ തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ രോഗത്തെ തുടർന്ന് വിശ്രമത്തിലായതിനാലാണ് പതിവുപോലെ പറവൂർ വേലിക്കകം എത്താൻ സാധി​ക്കാത്തത്. മുൻ വർഷങ്ങളിൽ ഉത്രാടത്തിന് വൈകിട്ട് പറവൂരിലെ വീട്ടിൽ വി.എസ് എത്തുമായിരുന്നു. ഓണത്തിന് സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കണമെന്നത് വി.എസിന് നിർബന്ധമായിരുന്നു.

#മക്കളുമൊത്ത് വെള്ളാപ്പള്ളി

മക്കളും കൊച്ചുമക്കളുമൊത്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓണം ആഘോഷിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴി​വാക്കിയാണ് ഓണാഘോഷം.

#ചാത്തനാട്ടെ വീട്ടിൽ ഗൗരിഅമ്മ

കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇല്ലാതെ കെ.ആർ.ഗൗരിഅമ്മ ചാത്തനാട്ടെ വീട്ടിൽ ഓണം ഉണ്ണും. അടുത്ത ബന്ധുക്കളും പാർട്ടിയിലെ ഏറ്റവും അടുത്തവരുമായി ഇരുന്നാണ് ഓണസദ്യ. ഗൗരിഅമ്മ നൂറ്റിരണ്ടാമത്തെ ഓണമാണ് ആഘോഷിക്കുന്നത്. പതിവ് പോലെ എല്ലാവർക്കും ഓണക്കാേടിയും നൽകും.

# അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ഐസക്

മന്ത്രി തോമസ് ഐസക്കിന്റെ ഓണം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ്. അമ്മയും സഹോദരിയ്ക്കുമൊപ്പമാണ് തിരുവോണസദ്യ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ആലപ്പുഴയിലെ ഓണാഘോഷം ഒഴി​വാക്കിയത്.

#കുടുംബത്തോടൊപ്പം ചെന്നിത്തല

ഇക്കുറി ഗൃഹുതുരത്വത്തിന്റെ ഓർമ്മകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടോമെന്റ് ഹൗസിലാണ് തിരുവോണ സദ്യ ഉണ്ണുക. ഭാര്യയും രണ്ട് മകനും മരുമകളുമൊക്കെയായുള്ള ഓണം. കൊവിഡ് നിയന്ത്രണം മൂലം ആഘോഷങ്ങൾ ഇല്ലാത്തതിനാൽ നിയോജക മണ്ഡലത്തിൽ ഇന്ന് എത്തിച്ചേരുകയില്ല.

 ലളിതമായ ഓണാഘോഷം

ഇത്തവണ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ജി.സുധാകരന്റെ ഓണം ഉണ്ണുക. മന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് ജില്ല വിട്ട് ഓണ സദ്യ. ആഘോഷങ്ങൾ ഇല്ലാത്ത ലളിതമായ സദ്യ. ഭാര്യയും സ്റ്റാഫും മാത്രമേ ഉണ്ടാകുകയുള്ളു. ഇന്നലെ ഉത്രാട സദ്യയ്ക്ക് അരിപ്പായസം ഉണ്ടായിരുന്നു.