ആലപ്പുഴ: സന്തോഷവും നന്മയും സ്നേഹവും തുമ്പിതുള്ളുന്ന ഓണനാളുകളിൽ ഏറ്റവും പ്രാധാന്യമുള്ള തിരുവോണനാൾ ഇന്ന്. ഓണക്കോടിയുടുത്തും ഓണ സദ്യയുണ്ടും തിരുവോണനാളിനെ വരവേൽക്കുന്ന മലയാളിയുടെ പതിവിന് ചെറിയ മങ്ങലുണ്ടോ ഇക്കുറി എന്ന് തോന്നാം. കഴിഞ്ഞ വർഷം ആലപ്പുഴക്കാരുടെ ഓണം പ്രളയത്തിൽ നനഞ്ഞുകുതിർന്നിരുന്നു. ഇക്കുറി പ്രളയത്തിൽ നിന്ന് കരകയറി ഓണമുണ്ണാൻ ഒരുങ്ങിയിരുന്ന നാട്ടുകാർക്ക് കൊവിഡ് ഭീതി വലിയ തിരിച്ചടിയായിരുന്നു. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ഓണം കഴിയുംവിധം വീടിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് എല്ലാവരും.
ഒരുമയുടെ ആഘോഷമായ ഈ ഓണനാളിൽ ആലപ്പുഴയുടെ പ്രിയപ്പെട്ട നേതാക്കൾ എങ്ങനെയാണ് ഓണനാൾ ചെലവഴിക്കുന്നത് എന്നറിയാം.
#വി.എസ് തലസ്ഥാനത്ത്
വി.എസ്. അച്യുതാനന്ദൻ ഇത്തവണ തിരുവനന്തപുരത്തെ വീട്ടിൽ ഓണം ആഘോഷിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ രോഗത്തെ തുടർന്ന് വിശ്രമത്തിലായതിനാലാണ് പതിവുപോലെ പറവൂർ വേലിക്കകം എത്താൻ സാധിക്കാത്തത്. മുൻ വർഷങ്ങളിൽ ഉത്രാടത്തിന് വൈകിട്ട് പറവൂരിലെ വീട്ടിൽ വി.എസ് എത്തുമായിരുന്നു. ഓണത്തിന് സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കണമെന്നത് വി.എസിന് നിർബന്ധമായിരുന്നു.
#മക്കളുമൊത്ത് വെള്ളാപ്പള്ളി
മക്കളും കൊച്ചുമക്കളുമൊത്ത് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓണം ആഘോഷിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കിയാണ് ഓണാഘോഷം.
#ചാത്തനാട്ടെ വീട്ടിൽ ഗൗരിഅമ്മ
കൊറോണയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇല്ലാതെ കെ.ആർ.ഗൗരിഅമ്മ ചാത്തനാട്ടെ വീട്ടിൽ ഓണം ഉണ്ണും. അടുത്ത ബന്ധുക്കളും പാർട്ടിയിലെ ഏറ്റവും അടുത്തവരുമായി ഇരുന്നാണ് ഓണസദ്യ. ഗൗരിഅമ്മ നൂറ്റിരണ്ടാമത്തെ ഓണമാണ് ആഘോഷിക്കുന്നത്. പതിവ് പോലെ എല്ലാവർക്കും ഓണക്കാേടിയും നൽകും.
# അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം ഐസക്
മന്ത്രി തോമസ് ഐസക്കിന്റെ ഓണം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ്. അമ്മയും സഹോദരിയ്ക്കുമൊപ്പമാണ് തിരുവോണസദ്യ. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ആലപ്പുഴയിലെ ഓണാഘോഷം ഒഴിവാക്കിയത്.
#കുടുംബത്തോടൊപ്പം ചെന്നിത്തല
ഇക്കുറി ഗൃഹുതുരത്വത്തിന്റെ ഓർമ്മകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടോമെന്റ് ഹൗസിലാണ് തിരുവോണ സദ്യ ഉണ്ണുക. ഭാര്യയും രണ്ട് മകനും മരുമകളുമൊക്കെയായുള്ള ഓണം. കൊവിഡ് നിയന്ത്രണം മൂലം ആഘോഷങ്ങൾ ഇല്ലാത്തതിനാൽ നിയോജക മണ്ഡലത്തിൽ ഇന്ന് എത്തിച്ചേരുകയില്ല.
ലളിതമായ ഓണാഘോഷം
ഇത്തവണ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണ് മന്ത്രി ജി.സുധാകരന്റെ ഓണം ഉണ്ണുക. മന്ത്രിയായതിന് ശേഷം ആദ്യമായിട്ടാണ് ജില്ല വിട്ട് ഓണ സദ്യ. ആഘോഷങ്ങൾ ഇല്ലാത്ത ലളിതമായ സദ്യ. ഭാര്യയും സ്റ്റാഫും മാത്രമേ ഉണ്ടാകുകയുള്ളു. ഇന്നലെ ഉത്രാട സദ്യയ്ക്ക് അരിപ്പായസം ഉണ്ടായിരുന്നു.