ആലപ്പുഴ: ഗുരുദേവ ജയന്തി ഇക്കുറി ഭക്തിനിർഭരവും ആചാരപരവുമായ ചടങ്ങുകളോടെയാണ് ചതയം നാളിൽ ആചരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ വിവിധ എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും ശാഖകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് നിയന്ത്രണങ്ങളോടെ ജയന്തി ആചരണം.
കണിച്ചുകുളങ്ങര, ചേർത്തല, അമ്പലപ്പുഴ, ചേപ്പാട്, കായംകുളം, മാവേലിക്കര, കാർത്തികപ്പള്ളി, മാന്നാർ, ചാരൂംമൂട്. കുട്ടനാട് സൗത്ത്, നോർത്ത് യൂണിയനുകളുടെ നേതൃത്വത്തിൽ ശാഖകളുടെ ആഭിമുഖ്യത്തിലുമാണ് ചടങ്ങുകൾ. ഘോഷയാത്ര, മഹാസമ്മേളനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി ലളിതമായും ആചാരപരമായ ചടങ്ങുകളോടെ ജയന്തി ആഘോഷിക്കുവാൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർദേശം നൽകിയിരുന്നു. യൂണിയനുകളിൽ വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, ബാലജനയോഗം, കുടുംബയോഗങ്ങൾ, ഗുരുധർമ്മ പ്രചരണസഭ തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകും. പ്രാർത്ഥന, ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജകൾ, ഗുരുദേവഭാഗവതപാരായണം, ഭവനങ്ങളിൽ പ്രാർത്ഥന തുടങ്ങിയ ആചാരപരമായ ചടങ്ങുകളാണ് നടക്കുന്നത്.
#അമ്പലപ്പുഴ യൂണിയനിൽ
കൊവിഡിനെ തുടർന്ന് 166-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്താനിരുന്ന ആഘോഷപരിപാടികൾ പൂർണ്ണമായി ഒഴിവാക്കി നിർഭരമായ ചടങ്ങുകൾ എസ്. എൻ. ഡി. പി.യോഗം അമ്പലപ്പുഴ യൂണിയന്റെ കീഴിലുള്ള ശാഖകളിൽ നടക്കും. ശാഖാതലങ്ങളിൽ ഭവനങ്ങളിൽ പ്രാർത്ഥന, ഗുരുദേവ പുഷ്പാർച്ചന, ഗുരുപ്രഭാഷണങ്ങൾ, ഗുരുമന്ദിരങ്ങളിൽ പ്രത്യേക പൂജ തുടങ്ങിയ ചടങ്ങുകൾ നടക്കും.ആഘോഷപരിപാടികൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ നടത്താനാണ് യൂണിയൻ തീരുമാനം. നിർദേശങ്ങൾ കുടുംബയൂണിറ്റുകൾ, വനിതാസംഘം യൂത്ത്മൂവ്മെന്റ്, എംപ്ളോയീസ് ഫോറം, പെൻഷനേഴ്സ് ഫോറം ഗുരുക്ഷേയ്രഭാരവാഹികൾ ന്നിവർക്ക് നൽകി. രാവിലെ 9.30ന് യൂണിയൻ ആസ്ഥാനത്ത് ഗുരുദേവ ചിത്രത്തിൽ യൂണിയൻ നേതാക്കൾ പുഷ്പാർച്ചന നടത്തും. തുടർന്ന് ഭവനങ്ങളിൽ ഗുരുദേവ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ച് കുടുംബങ്ങൾ പ്രാർത്ഥന നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുള്ളതെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.
#ചേപ്പാട് യൂണിയൻ
യൂണിയനിലെ 52 ശാഖകളിലും കൊവിഡ് മാനദണ്ഡം പാലിച്ച് വൈദികചടങ്ങുകളുടെ ഭാഗമായി പ്രാർത്ഥന, ഗുദേവപാരായണവും ഭവനങ്ങളിൽ ഗുരുദേവ ചിത്രങ്ങൾ അലങ്കരിച്ച് പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിക്കാൻ ശാഖാ ഭാരവാഹികൾക്ക് നിർദേശം നൽകിയതായി യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അറിയിച്ചു.
#കാർത്തികപ്പള്ളി യൂണിയൻ
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയനിലെ 64 ശാഖകളിലെ മുഴുവൻ ഭവനങ്ങളിലും യൂണിയൻ ആസ്ഥാനത്തും വൈദിക ചടങ്ങുകൾ അനുസരിച്ച് ഗുരുദേവ ചിത്രത്തിന് മുന്നിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും പ്രവാർത്ഥന, ഗുരുദേവ ഭാഗവതപാരായണവും നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കരും സെക്രട്ടറി അഡ്വ. ആർ.രാജേേ്ചന്ദ്രനും അറിയിച്ചു.
#മാന്നാർ യൂണിയൻ
യൂണിയനിലെ മുഴവൻ ശാഖകളിലും യൂണിയൻ ആസ്ഥാനത്തും ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, മഹാശാന്തി ഹോമം, പ്രാർത്ഥനയും ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും ഗുരുഭാഗവതപാരായണവും ഭവനങ്ങളിൽ ചതയജ്യോതി തെളിച്ച് അംഗങ്ങൾ കൊവിഡ് മാനദണ്ഡം പാലിച്ച് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തും. വൈദിക ആചരാരപ്രകാരമുള്ള ചടങ്ങുകൾക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ. എൻ.പി.വിജയകുമാർ, കൺവീനർ ജയകുമാർ എസ്.പടീത്തറ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും.