ആലപ്പുഴ: കയർ സഹകരണ സംഘങ്ങളിൽ നിന്നും സംഭരിച്ച കയറിന്റെ വില കുടിശികയില്ലാതെ പൂർണമായും ഓണത്തിന് മുമ്പ് വിതരണം ചെയ്തതായി കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ അറിയിച്ചു. 15 കോടിയിൽപ്പരം രൂപയാണ് വിതരണം ചെയ്തത്. എൽ.ഡി.എഫ് സർക്കാരിന്റെ ഭരണകാലയളവിൽ എല്ലാ വർഷവും കയർവില കുടിശികയില്ലാതെ വിതരണം ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസസന്ധിക്കിടയിലും ഈ ഓണക്കാലത്ത് തൊഴിലാളികൾക്കും സംഘങ്ങൾക്കും കയർവില പൂർണമായി നൽകുവാൻ കഴിഞ്ഞത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെയും കയർ വകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെയും അകമഴിഞ്ഞ പിന്തുണയും സഹായവും കൊണ്ടാണെന്നും അഡ്വ. എൻ. സായികുമാർ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരമേൽക്കുമ്പോൾ 2015-16ൽ 70,000 ക്വിന്റലായിരുന്നു കയർ ഉത്പാദനം. ക്രമാനുഗതമായി വർദ്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടുലക്ഷം ക്വിന്റൽ എന്ന റെക്കാഡ് നേട്ടത്തിലെത്തി. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ നാലുലക്ഷം ക്വിന്റൽ എന്ന ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. ഈ സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന രണ്ടാം കയർ പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായി നവംബർ മാസത്തോടെ 200 ചകിരി മില്ലുകളും കയർപിരി മേഖലയിൽ 1200 യന്ത്രവത്കൃത റാട്ടുകളും അനേകം ഇലക്ട്രോണിക് റാട്ടുകളും സ്ഥാപിക്കും. ഇതിനായി 100 ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചതായി അഡ്വ. എൻ.സായികുമാർ അറിയിച്ചു.