tv-r

തുറവൂർ: നാലുവരി ദേശീയപാതയിലെ തിരക്കേറിയ തുറവൂർ ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റും ഹൈമാസ്റ്റ് ലൈറ്റും തകരാറിലായിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പരിഹരിക്കാൻ നടപടിയില്ല. നാലും കൂടിയ ജംഗ്ഷനിൽ ഗതാഗത തടസവും അപകടങ്ങളും തുടർക്കഥയാവുന്നു. ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായതോടെ രാത്രിയിൽ കൂരിരുട്ടിലാകുന്ന ജംഗ്ഷനിൽ കാൽ നടയാത്രികരും വളരെയേറെ ദുരിതമാണനുഭവിക്കുന്നത്.

2014-ൽ കെ.സി.വേണുഗോപാൽ എം.പിയുടെ വികസനഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വിനിയോഗിച്ചാണ് എൽ.ഇ.ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇപ്പോൾ രാത്രി 8 ആയാലേ ഓട്ടോമാറ്റിക് സംവിധാനമുള്ള സിഗ്നൽ ലൈറ്റ് തെളിയുകയുള്ളൂ. ഒരു വർഷം മുമ്പ് അറ്റകുറ്റപ്പണി നടത്തിയപ്പോൾ ലൈറ്റിന്റെ ടൈമിംഗ് തെറ്റിയതാണ് ഇതിന് കാരണം.

ഈ തകരാർ പരിഹരിക്കാൻ തുറവൂർ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്. തിരക്കേറിയ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം താളം തെറ്റിയതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്. കിഴക്കു ഭാഗത്തെ സിഗ്നൽ ലൈറ്റിൽ കാലങ്ങളായി മഞ്ഞ ലൈറ്റ് തെളിയുന്നുമില്ല. വൈദ്യുതി നിലച്ചാൽ സിഗ്നൽ ലൈറ്റ് പ്രവർത്തനരഹിതമാകും. ഒരു ഹോം ഗാർഡ് മാത്രമാണ് ഇപ്പോൾ ഒരു നിശ്ചിത സമയം വളരെ പണിപ്പെട്ട് ജംഗ്ഷനിൽ ഗതാഗതം നിയന്ത്രിക്കുന്നത്.

സിഗ്നൽ ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട തിരുവനന്തപുരത്തെ കെൽട്രോൺ അധികൃതരെ കത്ത് മൂലം വിവരം അറിയിച്ചിട്ടുണ്ട്. അവർ എത്താൻ വൈകുന്നതാണ് പ്രശ്ന പരിഹാരം നീളാൻ കാരണം

- എ വി.ബിജു, കുത്തിയതോട് സി.ഐ