ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ ജൂലായിൽ മാത്രം 11 ലക്ഷം പുതിയ രോഗികളും 19,000 മരണവും റിപ്പോർട്ട് ചെയ്തു. ജൂൺ 30ന് രോഗബാധിതർ 5.85 ലക്ഷമായിരുന്നത് ജൂലായ് 31ന് 16.97 ലക്ഷം ആയി ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നതോടെ രണ്ടു ദിവസം ഒരു ലക്ഷം രോഗികൾ എന്ന നിലയിൽ സ്ഥിതി രൂക്ഷമായിട്ടുണ്ട്.
ജൂൺ 30ന് പ്രതിദിന രോഗികൾ 18,000 ആയിരുന്നത് ജൂലായ് 31ന് 57,000 കടന്നു. ജൂൺ 30ന് 17,409 മരണമാണ് രാജ്യത്തുണ്ടായത്. ജൂലായ് 31ന് ഇത് 36,551 ആയി ഉയർന്നു. പ്രതിദിന മരണം എഴുന്നൂറ് കടന്നു. കൊവിഡ് രൂക്ഷമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതും മരണത്തിൽ അഞ്ചാമതുമാണ്.
മഹാരാഷ്ട്രയിൽ രോഗികൾ നാലുലക്ഷവും തമിഴ്‌നാട്ടിൽ രണ്ടു ലക്ഷവും ആന്ധ്ര,ഡൽഹി,കർണാടക എന്നിവിടങ്ങളിൽ ഒരു ലക്ഷവും കടന്നു. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തെലങ്കാന, ഗുജറാത്ത്, ബിഹാർ സംസ്ഥാനങ്ങളിൽ രോഗികൾ അരലക്ഷവും കടന്നിട്ടുണ്ട്.
മഹാരാഷ്ട്രയിൽ കൊവിഡ് മരണം 15,000 കടന്നു. തമിഴ്‌നാടും ഡൽഹിയിലും നാലായിരത്തിലേക്ക് അടുത്തു.
കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ മാത്രമാണ് രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്. ഇന്നലെ കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല മന്ത്രിതല സമിതി രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തി.
രോഗമുക്തർ 11 ലക്ഷം
രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 11 ലക്ഷം കടന്നു. രോഗമുക്തി നിരക്ക് 64.54 ശതമാനം. ഏറ്റവും ഉയർന്ന രോഗമുക്തി നിരക്ക് ഡൽഹിയിൽ. 89.08 ശതമാനം. തൊട്ടുപിന്നാലെ ഹരിയാന (79.82 ശതമാനം). ഏറ്റവും കുറഞ്ഞ രോഗമുക്തി നിരക്ക് കർണാടകത്തിൽ (39.36 ശതമാനം).
മരണനിരക്ക് 2.18 ശതമാനമാണ്. ആകെ രോഗികളുടെ മൂന്നിലൊന്നു മാത്രമാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,42,588 പരിശോധനകൾ എന്ന റെക്കോർഡ് നേട്ടത്തിൽ രാജ്യമെത്തി. ഇതുവരെ നടത്തിയ പരിശോധനകൾ 1.88 കോടി കടന്നു.