mob-lynching

ന്യൂഡൽഹി: പശു ഇറച്ചി കടത്തിയെന്നാരോപിച്ച് ഡൽഹി അതിർത്തിയായ ഗുരുഗ്രാമിൽ ആൾക്കൂട്ടം യുവാവിനെ ചുറ്റിക അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ധിച്ച് അവശനാക്കി. തടയാൻ ശ്രമിച്ച പൊലീസിനെയും ആക്രമിച്ചു. ഒരുവിധമാണ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്‌റ്റു ചെയ്‌തു.

വെള്ളിയാഴ്‌ച രാവിലെ ഗുരുഗ്രാമിന് സമീപം ബാദ്ഹാപൂർ ഗ്രാമത്തിലാണ് സംഭവം. 25കാരനായ ലുക്ക്മാനാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൃതപ്രായനായത്. ലുക്ക്മാൻ പിക്കപ്പ് വാനിൽ പശു ഇറച്ചി കൊണ്ടുപോകുകയാണെന്ന സംശയത്തെ തുടർന്ന് ആൾക്കൂട്ടം വണ്ടി തടഞ്ഞു. ഭയന്ന് വണ്ടി നിറുത്താതെ പോയ ലുക്ക്മാനെ എട്ടുകിലോമീറ്ററോളം ആൾക്കൂട്ടം പിന്തുടർന്നു. ശേഷം തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരന്നു.

ചുറ്റിക അടക്കമുള്ള മാരകായുധങ്ങളുമായി ആൾക്കൂട്ടം മർദ്ദിക്കുന്നതും ചോരയൊലിപ്പിച്ച് യുവാവ് ജീവനു വേണ്ടി യാചിക്കുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് തടയാൻ ശ്രമിച്ചപ്പോൾ അക്രമാസക്തരായ ജനക്കൂട്ടം പൊലീസിനെയും ആക്രമിച്ചു. പൊലീസ് വാഹനം നശിപ്പിച്ചു. വളരെ ശ്രമപ്പെട്ടാണ് പൊലീസ് യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.