ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. മരണം 37,000 കടന്നു.രാജ്യത്തെ 24 മണിക്കൂറിനിടെ 57,118 പുതിയ രോഗികളും 764 മരണവും.
കർണാടകയിൽ കൃഷിമന്ത്രി ബി.സി പാട്ടീലിനും ഭാര്യയ്ക്കും മരുമകനും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഹോംക്വാറന്റൈനിലാക്കി. ഇന്നലെ 5172 പുതിയ രോഗികളും 98 മരണവും.
കൊവിഡ് പ്രതിരോധത്തിൽ എല്ലാ സംസ്ഥാനങ്ങളും ഡൽഹിയെ മാതൃകയാക്കണമെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി.
രോഗമുക്തി നേടിയ ഗോവയിലെ ബി.ജെ.പി എം.എൽ.എ സി.ഡയസിന് വീണ്ടും കൊവിഡ്.
അണുവിമുക്തമാക്കാനായി പശ്ചിമബംഗാൾ സെക്രട്ടറിയേറ്റ് കെട്ടിടം അടച്ചു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്.ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടയാണിത്.
ആന്ധ്രയിൽ രോഗികൾ ഒന്നരലക്ഷം കടന്നു. പുതുതായി 9276 രോഗികൾ. 58 മരണവും. ആന്ധ്രയിൽ ജൂലായിൽ മാത്രം റിപ്പോർട്ട് ചെയ്തത് 1.26 ലക്ഷം കേസുകൾ. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്ന് ജൂലായിൽ രോഗവ്യാപനം അതിതീവ്രമാകുകയായിരുന്നു.
തമിഴ്നാട്ടിൽ കൊവിഡ് മരണം നാലായിരം കടന്നു. ഇന്നലെ 99 മരണം. 5879 രോഗികൾ. ആകെ രോഗബാധിതർ രണ്ടരലക്ഷം കടന്നു.
ഡൽഹിയിൽ 1118 പുതിയ രോഗികളും 26 മരണവും.ആകെരോഗികൾ 1.36 ലക്ഷം. മരണം 3989.
ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തിയറിയാനുള്ള രണ്ടാം സെറോ സർവേ ഇന്നലെ ആരംഭിച്ചു. ആദ്യ സർവേയിൽ പരിശോധിച്ച് 21387 സാമ്പിളുകളിൽ 22.86 ശതമാനത്തിന് കൊവിഡ് ആന്റിബോഡി കണ്ടെത്തിയിരുന്നു.
തെലങ്കാനയിൽ ഇന്നലെ 2083 പുതിയ രോഗികളും 11 മരണവും. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ആകെ കേസുകൾ 64,000 കടന്നു.