ന്യൂഡൽഹി: ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയില്ലായിരുന്നെങ്കിൽ, മുലായം സിംഗിന് സമാജ്‌വാദി പാർട്ടിയിൽ അധികാരങ്ങളുണ്ടായിരുന്നെങ്കിൽ, സിനിമയിലെ സ്വഭാവ നടന്റെ മികവോടെ ഡൽഹിയിലെ അധികാര ഇടനാഴികളിൽ വിലസേണ്ട ആളായിരുന്നു അമർസിംഗ് എന്ന രാഷ്‌ട്രീയ ചാണക്യൻ. അഖിലേഷ് യാദവുമായി തെറ്റി സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്തു പോയ അമർസിംഗിനെ, വൃക്കരോഗം പിടികൂടിയതാണ് തിരിച്ചുവരവ് അസാദ്ധ്യമാക്കിയത്.
ഉത്തർപ്രദേശിലെ അസംഗഡിൽ ധനിക രജപുത്ര കുടുംബത്തിൽ ജനിച്ച അമർസിംഗിന്റെ ജീവിതത്തെ മാറ്റിമറിച്ചത്, ഒരു വിമാനയാത്രയിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗിനെ പരിചയപ്പെട്ടതാണ്. ഒരു വ്യവസായിയോ, ഒരു സിനിമാ നിർമ്മാതാവോ ആയി ഒതുങ്ങേണ്ടിയിരുന്ന അമർസിംഗ്, മുലായം സിംഗിന്റെ വിശ്വസ്‌തനായി ആദ്യം യു.പിയിലും പിന്നീട് ദേശീയ രാഷ്‌ട്രീയത്തിലും കിംഗ് മേക്കറായി. രാഷ്‌ട്രീയത്തിനും ബിസിനസിനും പുറമെ സിനിമയിലും ഹരം കണ്ടെത്തിയ സിംഗിന് അമിതാഭ് ബച്ചനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇടക്കാലത്ത് എ.ബി.സി.എൽ കമ്പനി പാപ്പരായ സമയത്ത് പിടിച്ചു കയറാൻ സഹായിച്ച അമർസിംഗിനെ സഹോദരനായാണ് ബച്ചൻ വിശേഷിപ്പിച്ചിരുന്നത്. ബച്ചന്റെ പത്‌നിയും സിനിമാ താരവുമായ ജയാ ബച്ചന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് കയ്യാളായതും സിംഗാണ്. പ്രമുഖ ബോളിവുഡ് താരങ്ങളുമായും സൗഹൃദബന്ധം നിലനിറുത്തിയ അമർസിംഗ് ഹമാരാ ദിൽ ആപ്‌കെ പാസ് ഹെ, ജെഡി തുടങ്ങിയ സിനിമകളിൽ മുഖം കാണിച്ചു.
അധികാരത്തിലെ പ്രധാനി
1996, 2003 വർഷങ്ങളിൽ സമാജ്‌വാദിയുടെ രാജ്യസഭാ എം.പിയായിരിക്കെയാണ് രാഷ്‌ട്രീയ ചാണക്യൻ എന്ന നിലയിൽ അമർസിംഗ് ഡൽഹിയിൽ പ്രധാനിയായത്. ഇടക്കാലത്ത് ഗാന്ധി കുടുംബവുമായി പിണങ്ങിയ ബച്ചനുമായുള്ള അടുപ്പം മൂലം അമർസിംഗിനെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി അകറ്റിയിരുന്നു. അടുത്ത സുഹൃത്തായ മുൻ സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻ സുർജിത് സിംഗ് വഴിയാണ് സിംഗ് ആ പിണക്കം മാറ്റിയത്. മുലായം സിംഗിനെ സോണിയയ്‌ക്ക് പരിചയപ്പെടുത്തിയതും 2008ൽ ആണവ കരാറിൽ പ്രതിഷേധിച്ച് സി.പി.എം ഒന്നാം യു.പി.എ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ അവസരോചിതമായ നീക്കങ്ങളിലൂടെ 39 സമാജ്‌വാദി പാർട്ടി എം.പിമാരുടെ പിന്തുണ നൽകി സർക്കാരിനെ താഴെ വീഴാതെ രക്ഷിച്ചതും സിംഗിന്റെ ചാണക്യ തന്ത്രങ്ങളാണ്.എന്നാൽ യു.പി.എ സർക്കാരിനെ രക്ഷിക്കാൻ മൂന്ന് ബി.ജെ.പി എം.പിമാർക്ക് കോഴ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം അദ്ദേഹത്തിന് ക്ഷീണമായി. ഇതുമായി ബന്ധപ്പെട്ട കേസിൽ 2011ൽ ഏതാനും ദിവസം തിഹാർ ജയിലിൽ കിടക്കേണ്ടിവന്നു. പിന്നീട് സുപ്രീംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.2010ൽ സമാജ്‌വാദി പാർട്ടി വിട്ട ശേഷം സ്വന്തമായി രൂപീകരിച്ച രാഷ്‌ട്രീയ ലോക് മഞ്ച് യു.പിയിൽ പോലും ക്ളച്ചു പിടിക്കാതിരുന്നതും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഇടക്കാലത്ത് രാഷ്‌ട്രീയ അജ്ഞാത വാസത്തിലായിരുന്നു. 2016ൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2017ൽ വീണ്ടും പുറത്താക്കലിന് വിധേയമായി. വൃക്ക രോഗം വീണ്ടും മൂർച്ഛിച്ച് ചികിത്സയ്‌ക്കിടെയായിരുന്നു ഇന്നലെ അന്ത്യമുണ്ടായത്.