ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി പൂജാ ചടങ്ങിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിയും മുരളീ മനോഹർ ജോഷിയും വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തേക്കും. കൊവിഡ് സാഹചര്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണിത്. വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കേണ്ട പത്ത് ഉന്നത നേതാക്കളുടെ പട്ടിക അധികൃതർ തയാറാക്കിയിട്ടുണ്ട്.
മുൻകേന്ദ്രമന്ത്രി ഉമാഭാരതിയെയും ബാബ്റി പള്ളി തകർക്കപ്പെടുമ്പോൾ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ബാബ്‌റി പള്ളി തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും കല്യാൺ സിംഗും പ്രതികളാണ്.
ആഗസ്റ്റ് 5ന് നടക്കുന്ന ഭൂമി പൂജ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷൻ നൃത്യ ഗോപാൽദാസ് തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങുമായി ബന്ധപ്പെട്ട് അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല. 45 വയസിന് താഴെയുള്ള കൊവിഡ് നെഗറ്റീവായ പൊലീസുകാരെയാണ് നിയോഗിക്കുക. ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിലെത്തും.