ന്യൂഡൽഹി: രാജസ്ഥാനിൽ നടക്കുന്ന രാഷ്‌ട്രീയ തമാശകൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഹൈക്കമാൻഡ് അനുവദിച്ചാൽ സച്ചിൻ പൈലറ്റ് അടക്കം വിമത എം.എൽ.എമാരെ താൻ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ആഗസ്റ്റ് 14ന് സഭ സമ്മേളനം വിളിച്ചതിന് ശേഷം കോൺഗ്രസ് എം.എൽ.എമാരെ വശത്താക്കാൻ ബി.ജെ.പി കൂടുതൽ തുക വാഗ്‌ദാനം ചെയ്യുകയാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ഇത് പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
വിമത എം.എൽ.എമാരുമായി തനിക്ക് വ്യക്തിപരമായി വിദ്വേഷമില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിയിൽ പതിവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് സർക്കാരിനെ മറിച്ചിടുന്ന തരത്തിലേക്ക് പോകരുതെന്നും അതിനാൽ ഹൈക്കമാൻഡ് അനുവദിച്ചാൽ വിമതർക്ക് തിരികെ വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ ഔദ്യോഗിക പക്ഷം കോൺഗ്രസ് എം.എൽ.എമാരെ ജയ്‌സാൽമീരിലെ ഹോട്ടലിലേക്ക് മാറ്റി. ഒരുദിവസം എം.എൽ.എമാർക്കൊപ്പം കഴിഞ്ഞ ശേഷം ഗെലോട്ട് ഇന്നലെ ജയ്‌പൂരിലേക്ക് മടങ്ങി. ബി.ജെ.പിയുടെ വലയിൽ വീഴാതിരിക്കാൻ എം.എൽ.എമാരെ ആഗസ്‌റ്റ് 14വരെ ഇവിടെ പാർപ്പിക്കാനാണ് തീരുമാനം.