ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യൻ സ്‌റ്റാൻഡേർഡ‌്സ്) അംഗീകാരമുള്ള ഹെൽമറ്റുകൾ ധരിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്ത് ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതുമായ എല്ലാ ഹെൽമെറ്റുകൾക്കും ബി.ഐ.എസ് അംഗീകാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
ഇതുവഴി ഹെൽമെറ്റുകളുടെ ഗുണമേന്മ വർദ്ധിപ്പിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഒരുമാസത്തിനുള്ളിൽ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാവുന്നതാണ്.