ന്യൂഡൽഹി: ആംബുലൻസിന് വരാൻ റോഡില്ല. പുഴകടക്കാൻ വള്ളമില്ല. നിറവയറും താങ്ങി വേദനകൊണ്ട് പുളയുന്ന പ്രിയതമയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവും ബന്ധുക്കളും യാതൊരു മാർഗവും കണ്ടില്ല. ഒടുവിൽ പൂർണ ഗർഭിണിയെ കൊട്ടയിൽ ചുമന്ന് പുഴ കടത്തി ആശുപത്രിയിലെത്തിച്ചു. ഛത്തീസ്‌ഗഢിലെ സുര്‍ഗുജ കട്‌നായി ഗ്രാമത്തിലുള്ളവർക്കാണ് 21-ാം നൂറ്റാണ്ടിലും ഗതാഗതസൗകര്യങ്ങൾ അപ്രാപ്യമായിരിക്കുന്നത്.
യുവതി താമസിക്കുന്ന വീടിന് സമീപത്തെ പുഴ കടക്കാൻ ചങ്ങാടം പോലുമില്ലാത്തതിനാൽ നാലുപേർ ചേർന്ന് വടിയിൽ കെട്ടിയ കൊട്ടയിൽ ഇരുത്തിയാണ് യുവതിയെ പുഴ കടത്തിയത്.
ബന്ധുക്കൾ ചേർന്ന് യുവതിയെ പുഴ കടത്തുന്നതിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടതോടെയാണ് ഗ്രാമവാസികളുടെ ഗതികേട് പുറംലോകം അറിഞ്ഞത്.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് റോഡില്ല. ഉള്ളതാവട്ടെ വാഹനത്തിന് പോയിട്ട് കാൽനടയാത്രയ്ക്ക് പോലും പറ്റില്ല. സംസ്ഥാനത്ത് പലഭാഗത്തും മഴ കനത്തതിനാൽ വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പ്രദേശത്തുള്ള യുവതിക്ക് പ്രസവവേദന വന്നത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് ഭർത്താവ് അടക്കം നാലു പുരുഷൻമാർ കമ്പിൽ തൂക്കിയ കൊട്ടയിലിരുത്തി യുവതിയെ തോളിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു. ഇവർ ശക്തമായ ഒഴുക്കുള്ള പുഴ മുറിച്ചുകടക്കുന്നതുൾപ്പെടെയുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം ഈ സംഭവം മികച്ച ആരോഗ്യ സംവിധാനങ്ങളുടെ പരാജയമല്ല, മറിച്ച് കനത്ത മഴയായതിനാൽ ചില ഗ്രാമങ്ങളിലേക്ക് എത്തിച്ചേരാനും അവരുമായി ബന്ധപ്പെടാനുമുള്ള ബുദ്ധിമുട്ടിന്റെ ഭാഗമാണെന്ന് ജില്ല കളക്ടർ സഞ്ജയ് കുമാർ ഝാ പറഞ്ഞു. ഇത്തരം പ്രദേശങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്കായി ചെറിയ കാറുൾപ്പെടെ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം ഉൾനാടൻ മേഖലകളിൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.