vmspeech

ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സ്വന്തം ഓഫീസ് വിട്ടുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തെ ഒറ്റുകൊടുത്തതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള ബി.ജെ.പി സമരത്തിന്റെ രണ്ടാം ദിവസം ഡൽഹിയിലെ വസതിയിൽ ഏകദിന ഉപവാസം നടത്തുകയായിരുന്നു അദ്ദേഹം...

കള്ളക്കടത്തുമായി ബന്ധമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് തണലൊരുക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യം. സ്പേസ് പാർക്കിലെ ജോലിക്കിടെ, ബഹിരാകാശ ശാസ്ത്രജ്ഞൻമാരുമായിപ്പോലും ഇടപെട്ട സ്വപ്‌നാ സുരേഷ് സാങ്കേതികവിദ്യയും രഹസ്യങ്ങളും ആർക്കൊക്കെ കൈമാറിയെന്ന് അന്വേഷിക്കേണ്ടതുണ്ട്. ആരോപണം ഉയർന്നിട്ടും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറെ മാറ്റാൻ മുഖ്യമന്ത്രി വൈകിയത് പല സംശയങ്ങൾക്കും ഇട നൽകുന്നു. രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ മുഖ്യമന്ത്രിക്കാവില്ല. ഒരു തട്ടിപ്പുകാരി സ്വന്തം ഓഫീസിൽ ജോലിക്ക് കയറിയിട്ടും ഇന്റലിജൻസിൽ നിന്നും വിവരങ്ങൾ കിട്ടിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

യു.എ.ഇ കോൺസുലേറ്റിന്റെ സഹായം തേടിയ മന്ത്രി കെ.ടി.ജലീലിന്റെ പ്രോട്ടോക്കോൾ ലംഘനം പരിശോധിക്കുന്നുണ്ട്. സ്വന്തം നാട്ടിലെ പാവപ്പെട്ടവർക്ക് അരി വാങ്ങാനാണ് യു.എ.ഇ കോൺസുലേറ്റിൻ്റെ സഹായം തേടിയതെന്ന് പറയാൻ മന്ത്രി കെ.ടി. ജലീലിന് ലജ്ജയില്ലേയെന്നും വി.മുരളീധരൻ ചോദിച്ചു.

കേരളത്തിൽ പടരുന്നത്

സ്വപ്‌നാ വൈറസ്

സ്വർണക്കടത്ത് കേസിന്റെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും ,ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും ഉപവാസം ഉദ്ഘാടനം ചെയ്‌ത ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധർ റാവു പറഞ്ഞു. രാജ്യം കൊവിഡിൽ വലയുമ്പോൾ കേരളത്തിൽ സ്വപ്‌നാ വൈറസാണ് പടരുന്നത്. കേരള മോഡലെന്നാൽ സ്വപ്‌നാ മോഡലായി മാറി. സ്വർണ്ണക്കടത്തിൽ ഒന്നും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി , പഴയ സിനിമകളിലെപ്പെലെ ക്ലൈമാക്സിൽ വില്ലനാവുമെന്നും അദ്ദേഹം പറഞ്ഞു..

. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.കൃഷ്ണകുമാർ, പി.സുധീർ, സെക്രട്ടറി എസ്.സുരേഷ് എന്നിവർ സംസാരിച്ചു.വൈകിട്ട് ബി.ജെ.പി ദേശീയ സെക്രട്ടറി സർദാർ ആർ.പി.സിംഗ് നാരങ്ങാ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.