ന്യൂഡൽഹി: ഭീമാ കൊറെഗാവ് കേസിൽ അറസ്റ്റിലായ ഡൽഹി സർവകലാശാലാ അദ്ധ്യാപകനും മലയാളിയുമായ ഹനിബാബുവിന്റെ ഡൽഹി നോയിഡയിലെ വസതിയിൽ ഇന്നലെ രാവിലെ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി. ഹനിബാബു രചിച്ച പുസ്‌തകങ്ങൾ, ഏതാനും ലഘുലേഖകൾ, പെൻഡ്രൈവ്, കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക് തുടങ്ങിയവ എൻ.ഐ.എ പിടിച്ചെടുത്തു.
രാവിലെ 7.30ന് രണ്ട് വനിതകൾ അടങ്ങിയ എൻ.ഐ.എ സംഘം വീട്ടിലെത്തി10.30വരെ പരിശോധന നടത്തിയെന്ന് ഹനിയുടെ ഭാര്യയും കോളേജ് അദ്ധ്യാപികയുമായ ജെന്നി റൊവേന പറഞ്ഞു. തങ്ങൾ ചില തെളിവുകൾ ശേഖരിക്കാനാണ് വന്നതെന്ന് സംഘം ജെന്നിയെ അറിയിച്ചിരുന്നു. ഹനിബാബുവിന്റെ പേരിൽ പ്രസിദ്ധീകരിച്ച പുസ്‌തകങ്ങൾ ഇതിന് മുമ്പും എൻ.ഐ.എ സംഘം പരിശോധനയ്‌ക്കായി കൊണ്ടുപോയിരുന്നതായി ജെന്നി പറയുന്നു. ജൂലായ് 28നാണ് പൂനൈ ഭീമാ കൊറെഗാവ് കേസിന് പിന്നിൽ പ്രവർത്തിച്ച മാവോയിസ്‌റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഹനി ബാബുവിനെ എൻ.ഐ.എ മുംബയിൽ വിളിച്ചു വരുത്തി അറസ്റ്റു ചെയ്‌തത്.
ലഹളയുടെ ആസൂത്രകരിൽ ഒരാളെന്ന്
ഒരാൾ കൊല്ലപ്പെട്ട ഭീമാ കൊറെഗാവ് ലഹളയുടെ ആസൂത്രകരിൽ ഒരാളാണ് ഹനി ബാബുവെന്ന് എൻ.ഐ.എ പത്രക്കുറിപ്പിൽ പറഞ്ഞു.സംഭവം ആസൂത്രണം ചെയ്തുവെന്ന് പറയുന്ന മാവോയിസ്‌റ്റുകളുമായി ഹനി ബാബുവിന് നേരിട്ട് ബന്ധമുണ്ട്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്നും അറസ്റ്റിലായ നേതാക്കളെ സഹായിക്കാൻ ഫണ്ട് സ്വരൂപിക്കാൻ ശ്രമിച്ചെന്നും തടവിലായ മാവോയിസ്റ്റ് നേതാവ് ജി.എൻ. സായിബാബയുടെ മോചനത്തിനായി കമ്മിറ്റിയുണ്ടാക്കിയെന്നും എൻ.ഐ.എ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലെഡ്ജർ ബുക്കുകൾ, രസീതുകൾ തുടങ്ങിയവ ബാബുവിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തതായും എൻ.ഐ.എ അറിയിച്ചു