kamal

ന്യൂഡൽഹി: ഉത്തർപ്രദേശ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമൽ റാണി വരുൺ (62) കൊവിഡ് ബാധിച്ച് മരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അന്ത്യം. ഇതാദ്യമായാണ് രാജ്യത്ത് ഒരു മന്ത്രി കൊവിഡ് ബാധിച്ച് മരിക്കുന്നത്. ജൂലായ് 18നാണ് മന്ത്രിക്ക് കൊവിഡ് ബാധിച്ചത്. ആദ്യം ശ്യാമപ്രസാദ് മുഖർജി ആശുപത്രിയിലും പിന്നീട് സഞ്ജയ് ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാൺപൂർ ഘട്ടംപൂരിൽ നിന്നുള്ള എം.എൽ.എയാണ് കമൽറാണി . രണ്ടുതവണ ഘട്ടംപൂരിൽ നിന്ന് ലോക്‌സഭയിലെത്തി. നിലവിൽ യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഏക വനിതാ കാബിനറ്റ് മന്ത്രിയാണ്. നേരത്തെ കാബിനറ്റ് മന്ത്രിയായിരുന്ന റീത്ത ബഹുഗുണ ജോഷി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജിവച്ചിരുന്നു.

മന്ത്രിയുടെ മരണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവ‌ർ അനുശോചിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ നടത്താനിരുന്ന സന്ദർശനം യോഗി ആദിത്യനാഥ് റദ്ദാക്കി.