snake

ന്യൂൽഹി: ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ എന്നാണ് യു.പി സ്വദേശിയും തൊഴിലാളിയുമായ ലോകേഷ് കുമാറിന്റെ ഇപ്പോഴത്തെ പ്രാർത്ഥന. അമ്മാതിരി പണിയല്ലേ കിട്ടിയത്.ജോലിക്ക് ശേഷം രാത്രി മറ്റു തൊഴിലാളികൾക്കൊപ്പം അംഗൻവാടി കെട്ടിടത്തിൽ ഉറങ്ങുന്നതിനിടെ ലോകേഷിന്റെ ജീൻസിനിടയിലേക്ക് മൂർഖൻ കയറി. ഞെട്ടി എഴുന്നേറ്റ ലോകേഷിന് പിന്നെ ഏഴ് മണിക്കൂർ 'പോസ്റ്റ് പോലെ' നിന്ന് നേരം വെളുപ്പിക്കേണ്ടി വന്നു. രാവിലെ പാമ്പ് പിടിത്തക്കാരൻ എത്തി ജീൻസ് കീറിയാണ് പാമ്പിനെ പുറത്തെടുത്തത്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് സംഭവം.ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിന് എത്തിയതായിരുന്നു ലോകേഷ് കുമാർ. ഉറക്കത്തിനിടെ ജീൻസിനുള്ളിലൂടെ എന്തോ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നി. ഞെട്ടിയെഴുന്നേറ്റ ലോകേഷ് സമീപത്തെ തൂണിൽ പിടിച്ച് അനങ്ങാതെ നിന്നു. ബഹളം കേട്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉണർന്നെങ്കിലും ആരും പേടിച്ച് അടുത്തില്ല. പൊലീസിനെ വിളിച്ചെങ്കിലും രാവിലേയെ എത്താനാകൂയെന്നാണ് അറിയിച്ചത്. രാവിലെ പൊലീസിനൊപ്പം എത്തിയ പാമ്പ് പിടിത്തക്കാരനാണ് ജീൻസ് ശ്രദ്ധാപൂർവം കീറി പാമ്പിനെ പുറത്തെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.