rama

ma

ന്യൂഡൽഹി: ആഗസ്റ്റ് അഞ്ചിന് അയോദ്ധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജാ ചടങ്ങിൽ പങ്കെടുക്കാൻ 180ൽ താഴെ വിശിഷ്‌ട വ്യക്തികളുടെ പട്ടിക തയാറാക്കി. കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയിയും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ തയ്യാറാക്കിയ 208 പേരുടെ പട്ടിക കൊവിഡ് വ്യാപനം കണക്കിലെടുത്ത് ചുരുക്കുകയായിരുന്നു. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, പ്രയാഗ് രാജിലെ ജഗത്‌ഗുരു സ്വാമി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവർ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുക്കുന്നത്.

ചടങ്ങിൽ പങ്കെടുക്കാനുള്ള 50 മതപുരോഹിതരുടെ പട്ടികയിലാണ് മാതാ അമൃതാനന്ദമയിയുടെ പേരുള്ളത്. മഹന്ത് കമൽ നയൻദാസ്, രാംവിലാസ് വേദാന്തി, രാജു ദാസ്, മഹാരാജ് ബാൽ ഭദ്രാചാര്യ, ആചാര്യ നരേന്ദ്ര ഗിരി, ഹിന്ദു പണ്ഡിതരായ പ്രൊഫ. രാംചന്ദ്ര പാണ്ഡെ, പ്രൊഫ. രാം നാരായൺ ദ്വിവേദി, പ്രൊഫ. വിനയ് കുമാർ പാണ്ഡെ, പാട്നാ തക്‌ത് ഹർമന്ദിർ ഗുരുദ്വാരയിലെ ജതീന്ദർ ഗിയാനി ഇക്ബാൽ സിംഗ്, ഹരിദ്വാറിലെ ബൽക്കാനന്ദ് ഗിരി, ആചാര്യ കിഷോർ കുനാൽ തുടങ്ങിയവരും പട്ടികയിലുണ്ട്.

ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ഭയ്യാജി ജോഷി, ദത്താത്രേയ ഹൊസബലെ, അനിൽ കുമാർ തുടങ്ങിയ സംഘ നേതാക്കൾക്കും ക്ഷണമുണ്ട്. മുഖ്യവേദിയിൽ പ്രധാനമന്ത്രിക്കൊപ്പം മോഹൻ ഭാഗവത്, രാംജന്മഭൂമി ന്യാസ് മേധാവി നൃത്യ ഗോപാൽ ദാസ് തുടങ്ങിയവർക്കൊപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമുണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇന്നലെ യു.പി മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള യോഗം ഒഴിവാക്കിയ യോഗി ആഗസ്റ്റ് അഞ്ചിന്റെ ചടങ്ങിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. ഭൂമി പൂജ നടക്കുന്ന സ്ഥലത്തിന് സമീപമാണ് വേദി. സദസിൽ സമൂഹ അകലം പാലിച്ചാണ് ക്ഷണിതാക്കളെ ഇരുത്തുക.