sushanth

ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം കുടുംബം ആവശ്യപ്പെട്ടാൽ സി.ബി.ഐയ്ക്ക് വിടാൻ തയ്യാറാണെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 'സുശാന്തിന്റെ മരണം അന്വേഷിക്കേണ്ടത് ബിഹാർ പൊലീസിന്റെ ഉത്തരവാദിത്തമാണ്. നടന്റെ കുടുംബത്തിന് നീതി ലഭിക്കണം. സുശാന്തിന്റെ അച്ഛൻ കെ.കെ സിംഗ് നൽകിയ പരാതിയിലാണ് അന്വേഷണം. അദ്ദേഹം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാൽ സർക്കാർ പരിഗണിക്കും. അന്വേഷണത്തിൽ മുംബയ് പൊലീസ്, ബിഹാർ പൊലീസുമായി സഹകരിക്കുകയാണ് വേണ്ടതെന്നും' നിതീഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസം സുശാന്തിന്റെ മരണത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന നടി റിയചക്രബർത്തിയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. പൊലീസിനെ ജോലി ചെയ്യാൻ അനുവദിക്കൂവെന്ന് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്‌ഡെ പറഞ്ഞു.

റിയയ്ക്കെതിരായ അന്വേഷണം ഊർജിതം

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബർത്തിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ബിഹാർ ഡി.ജി.പി ഗുപ്‌തേശ്വർ പാണ്ഡെ. തെളിവുകൾ ശേഖരിച്ച് വരികയാണ്. നടന്റെ മുൻ പെൺസുഹൃത്ത് അങ്കിത ലൊഖണ്ഡേ, സഹോദരി മീട്ടു സിംഗ്, സുഹൃത്ത് മഹേഷ് ഷെട്ടി, ഡോ. ചാവ്ഡ, വീട്ടു പാചകക്കാരൻ അശോക് കുമാർ, ജോലിക്കാരൻ നീരജ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. നടി റിയയെ ചോദ്യം ചെയ്യാനായിട്ടില്ല. മുംബയ് പൊലീസ് സഹകരിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ ഡി.ജി.പി. തള്ളി.സുശാന്ത് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നുവെന്ന് തെറാപ്പിസ്റ്റ് സൂസൻ വാക്കർ വ്യക്തമാക്കി.

അക്കൗണ്ടിൽ നിന്ന് കോടികൾ ചെലവഴിച്ച് റിയ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിൽ സുശാന്തിന്റെ അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്ന് കണ്ടെത്തി. സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത് പോലെ, റിയ തന്റെ ആവശ്യങ്ങൾക്കായാണ് ഈ തുക പിൻവലിച്ചതെന്ന് സംശയിക്കുന്നു. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കും പണം ട്രാൻസ്‌ഫർ ചെയ്തിട്ടുണ്ട്. റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടി രൂപ മാറ്റിയതായി സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിയക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.