franco-mulakkal

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രീംകോടതി ഈമാസം അഞ്ചിന് പരിഗണിക്കും. കേസിൽ താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടാണ് ഫ്രാങ്കോ മുളയ്ക്കൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയുടെ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും. പരാതിക്കാരിയായ കന്യാസ്ത്രീ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ താൻ രംഗത്തെത്തിയിരുന്നെന്നും, ഇതിന് പ്രതികാരമായി ഉന്നയിച്ച ആരോപണമാണ് ബലാത്സംഗക്കേസ് എന്നുമാണ് ഹർജിയിൽ ബിഷപ്പ് പറയുന്നത്.

മുമ്പ് കേസിൽ നിന്ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ വാദം തള്ളിയ ഹൈക്കോടതി വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം തങ്ങളുടെ വാദം കേൾക്കാതെ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.