india-china-issue

ന്യൂഡൽഹി: വടക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം ഒഴിവാക്കാൻ സൈന്യങ്ങളെ കൂടുതൽ പിൻവലിക്കുന്നത് സംബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും സൈനിക കമാൻഡമാർ ഇന്നലെ കൂടിക്കാഴ്‌ച നടത്തി. രാത്രി വൈകിയും തുടരുന്ന കൂടിക്കാഴ്‌‌ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ചുഷൂലിൽ ചൈനീസ് അതിർത്തിക്കുള്ളിലെ മോൾഡോയിൽ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗിന്റെ നേതൃത്വത്തിലെ ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും തമ്മിലാണ് കൂടിക്കാഴ്‌ച. മേയിൽ അതിർത്തിയിൽ സംഘർഷമുണ്ടായ ശേഷം ഇവർ തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്‌ചയാണിത്. ജൂലായ് 14ന് 15മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയിൽ തീരുമാനിച്ച പ്രകാരം സൈനിക പിൻമാറ്റം നടന്നിരുന്നില്ല. പിന്നീട് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് വീണ്ടും കൂടിക്കാഴ്‌ചയ്‌ക്ക് അരങ്ങൊരുങ്ങിയത്. ജൂലായ് അഞ്ചിന് പ്രത്യേക പ്രതിനിധികളുടെ ചർച്ചയിലുണ്ടായ ധാരണകൾ അടിസ്ഥാനമാക്കി ഒന്നാം ഘട്ടത്തിൽ ഗാൽവൻ, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും രണ്ടു കിലോമീറ്ററോളം പിൻമാറി. എന്നാൽ പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ എട്ടുമുതൽ അഞ്ചുവരെയുള്ള മേഖലകളിലെ സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യത്തിൽ ചൈന പിടിവാശി തുടരുന്നതാണ് രണ്ടാം ഘട്ട നടപടികൾ തടസപ്പെടാൻ കാരണം. നിയന്ത്രണ രേഖയായി നിശ്‌ചയിച്ചിട്ടുള്ള ഫിംഗർ എട്ടുവരെ ഏപ്രിൽ മാസത്തെ തത്സ്ഥിതി തുടരണമെന്നും പട്രോളിംഗിന് സാഹചര്യം വേണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം.

 തണുപ്പ് നേരിടാൻ സന്നാഹം

അതിനിടെ വടക്കൻ ലഡാക് അതിർത്തിയിൽ തണുപ്പ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യൻ സൈനികർക്കുള്ള കമ്പിളിക്കുപ്പായങ്ങൾ അടക്കമുള്ള വിന്റർ കിറ്റുകൾ ലേയിൽ എത്തിച്ചുതുടങ്ങി. സാധനങ്ങൾ കയറ്റിയ മിലിട്ടറി ട്രക്കുകൾ കടന്നുപോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവിൽ ചൈന 20,000ൽ അധികം സൈനികരെ അതിർത്തിക്കടുത്ത് വിന്ന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് ഭീഷണി മുന്നിൽ കണ്ട് ഇന്ത്യയും സന്നാഹം വർദ്ധിപ്പിച്ചു. നവംബർ മുതൽ അതിശൈത്യകാലത്ത് ഇത്രയും സൈനികരെ അതിർത്തിയിൽ നിലനിറുത്തുന്നത് ഇരുപക്ഷത്തിനും വെല്ലുവിളിയാണ്.