സൈബീരിയയിലെ ഒരു ഗ്രാമമാണ് ഓയിമ്യാകോൺ. ലോകത്ത് ഏറ്റവും കൂടുതൽ തണുപ്പുള്ള ജനവാസ നഗരം. ഇവിടെ മനോഹരമായ ഒരു നദി ഒഴുകുന്നു, ഈ ഗ്രാമത്തിന്റെ പേരാണ് നദിക്കും. ജലത്തിന്റെ കട്ട പിടിക്കാത്ത പാളി, ഉറങ്ങുന്ന ഭൂമി എന്നും അറിയപ്പെടുന്നു. മഞ്ഞുകാലം ജലത്തിലെ മീനുകൾ കട്ട പിടിക്കാത്ത വെള്ളത്തിലാണ് ചെലവിടുക. ജീവനോടെ ഒരു തണുപ്പ് കാലം മുഴുവൻ ഐസ് പാളികൾക്കിടയിൽ അവ ജീവിച്ചിരിക്കും. തണുപ്പ് കാലത്ത് മൈനസ് 72 ഡിഗ്രി വരെ ഊഷ്മാവ് താഴാറുണ്ട്. ഇവിടത്തെ മാർക്കറ്റിൽ സർക്കാർ സ്ഥാപിച്ച ഡിജിറ്റൽ തെർമോ മീറ്റർ മൈനസ് 62 ഡിഗ്രി ആയതോടെ പ്രവർത്തനം നിലച്ചു. ഇന്നത്തെ താപനില ആയിരിക്കില്ല നാളെ. കൂടിയും കുറഞ്ഞുമിരിക്കും. ഇവിടത്തെ വെള്ളം ഒരിക്കലും ഐസാകില്ല എന്നതാണ് അതിശയകരം.
കരുതിയില്ലെങ്കിൽ കുരുതി നടക്കും
റെയ്ൻ ഡിയർ വളർത്തലുകാരുടെ ഇടത്താവളമായിരുന്നു ഈ സ്ഥലം. ചൂട് വെള്ളം വരുന്ന ഒരു ഉറവ ഇവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും വെള്ളം ശേഖരിക്കാനാണ് ഇടയന്മാർ ഗ്രാമത്തിൽ എത്തിയിരുന്നത്. അവർ പിന്നീട് ഇവിടേക്ക് കുടിയേറിത്താമസിക്കാൻ ആരംഭിച്ചു. ഇപ്പോൾ അഞ്ഞൂറോളം ആളുകളാണ് ഇവിടെയുള്ളത്. വളരെ കരുതലോടെയാണ് ഇവിടെ ജനങ്ങൾ തണുപ്പ് കാലം അതിജീവിക്കുക. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞു മുറുകി മുറിയുക, ബാറ്ററികൾ വേഗം ചാർജ് തീരുക അങ്ങനെ പലതും തണുപ്പുകാലത്തുണ്ടാവും. തണുപ്പ് കാലത്ത് ചിലർ വണ്ടിക്കുള്ളിലാണ് താമസിക്കുന്നത്. ഇലക്ട്രോണിക് സാധനങ്ങൾ, മൊബൈൽ ഫോൺ എന്നിവ വീടിനുള്ളിൽ നിന്നും പുറത്തേക്ക് കൊണ്ടുവന്നാൽ കൂടുതൽ സമയം പുറത്തെടുത്ത് പ്രവർത്തിപ്പിക്കാൻ കഴിയില്ല.
ആളുകൾ മരിച്ചാൽ അടക്കം ചെയ്യണമെങ്കിൽ തീ കത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും മഞ്ഞുവീണു നിറയും. രണ്ടും മൂന്നും ദിവസങ്ങൾ കൽക്കരി കത്തിച്ച് വേണം കുഴിയെടുക്കുവാൻ. അടക്കം ചെയ്തു കഴിഞ്ഞാലും മൃതദേഹം അഴുകുവാനും താമസമാണ്. ആളുകൾ എപ്പോഴും ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് വീടിനുള്ളിലായിരിക്കും. ബാത്റൂമുകളെല്ലാം പുറത്തായിരിക്കും. അല്ലെങ്കിൽ പൈപ്പുകൾ കട്ട പിടിച്ചുപോകും. തണുപ്പ് കാലമായാൽ ദിവസം 21 മണിക്കൂറെങ്കിലും ഈ ഗ്രാമം ഇരുട്ടിലായിരിക്കും. താപനില മൈനസ് 40 കടന്നാൽ മാത്രം ഇവിടെ സ്‌കൂളുകൾ അടക്കും. പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് റൺവേ എന്നിവയും ഇവിടെയുണ്ട്.