ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രസർക്കാർ നിർദേശിച്ച ത്രിഭാഷാ പഠനപദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനാകില്ലെന്ന് തമിഴ്‌നാട്. നിലവിൽ പിന്തുടരുന്ന ദ്വിഭാഷാ പഠനപദ്ധതിയിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.
ത്രിഭാഷാ പദ്ധതി വേദനാജനകവും ദുഃഖകരവുമാണ്. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വർഷങ്ങളായി തമിഴ്‌നാട്ടിലുള്ളത്. ഇതിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. 1965 ൽ ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചതിനെതിരെ തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം കേന്ദ്രം മറക്കരുത്. ത്രിഭാഷാ പഠനപദ്ധതി പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പളനിസ്വാമി ആവശ്യപ്പെട്ടു.
എതിർത്ത് പ്രതിപക്ഷവും
ഡി.എം.കെയും തമിഴ്‌നാട്ടിലെ മറ്റു പ്രതിപക്ഷ പാർട്ടികളും പുതിയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നു. ഹിന്ദി, സംസ്‌കൃതം എന്നിവ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞു. സമാന ചിന്താഗതിക്കാരായ മറ്റു രാഷ്ട്രീയ പാർട്ടികളുമായും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും കൈകോർത്ത് ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേന്ദ്രം ഒരു സംസ്ഥാനത്തിനുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് അയച്ച് ട്വീറ്റിൽ വ്യക്തമാക്കി.