ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് റെസ്റ്റോറന്റിൽ വിളമ്പിയ സാമ്പാറിൽ പല്ലിയെ കണ്ടെത്തി. ഡൽഹിയിലെ പ്രമുഖ റെസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരു സംഘം ആളുകൾക്കാണ് ദുരനുഭവം. ഇതിന്റെ വീഡിയോ വൈറലായി.
സെൻട്രൽ ഡൽഹിയിലെ കൊണാട്ട് പ്ലെയ്‌സിലാണ് സംഭവം. സ്ഥലത്തെ പ്രധാന റസ്റ്റോറന്റായ ഇവിടെ വാരാന്ത്യത്തിൽ ഭക്ഷണത്തിനായി ക്യൂ വരെ അനുഭവപ്പെടാറുണ്ട്. ദക്ഷിണേന്ത്യൻ വിഭവമായ ദോശയും സാമ്പാറും ഓർഡർ ചെയ്ത സംഘത്തിനാണ് ദുരനുഭവം ഉണ്ടായത്.
സ്പൂണിൽ ചത്ത പല്ലിയെ എടുത്തിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പാതി ഉപേക്ഷിച്ച ഭക്ഷണവും വീഡിയോയിൽ കാണാം. പല്ലിയെ കണ്ട ഉടനെ സംഘം അലറുന്നതും വീഡിയോയിൽ വ്യക്തമാണ്. സാമ്പാറിൽ പകുതി പല്ലിയെ കാണാനില്ല എന്നെല്ലാം പറഞ്ഞ് സംഘം ഒച്ചയെടുക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.