ayo

ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഔപചാരികമായ തുടക്കമിട്ട് നാളെ നടക്കുന്ന ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം വേദിയിൽ നാലുപേർ മാത്രമേ ഉണ്ടാകൂ. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമജന്മഭൂമി ന്യാസ് അദ്ധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽദാസ് എന്നിവരാണവർ. രാവിലെ 11 ഓടെ സ്ഥലത്തെത്തുന്ന മോദി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയതിന് ശേഷം, രാംലല്ലയിൽ പൂജ നടത്തും. ശേഷം പ്രതീകാത്മകമായി ശിലാസ്ഥാപനം നടത്തുമെന്നുമാണ് റിപ്പോർട്ട്. 135 പുണ്യസ്ഥലങ്ങളിൽ നിന്നുള്ള സന്യാസിമാരും ചടങ്ങിൽ പൂജ നടത്തും.

ചടങ്ങിന് മുന്നോടിയായുള്ള പൂജകൾ ഇന്നലെ രാവിലെ എട്ടോടെ കാശി, കാഞ്ചി, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള പതിനൊന്നംഗ സംഘം പൂജാരിമാരുടെ നേതൃത്വത്തിൽ തുടങ്ങി.

നാലുലക്ഷം ലഡു

ഭൂമിപൂജയോടനുബന്ധിച്ച് ഡൽഹിയിലുള്ള വിദേശ എംബസികളിലും അയോദ്ധ്യയിലും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മധുരം വിതരണം ചെയ്യും. ഇതിനായി നാലുലക്ഷം ലഡു ഓർഡർ ചെയ്തെന്നും റിപ്പോർട്ടുണ്ട്. രാംലല്ലയുടെ (ബാലരാമൻ) ചിത്രം പതിച്ച് സെക്യൂരിറ്റി കോഡും അടങ്ങിയ ക്ഷണക്കത്ത് ട്രസ്റ്റ് അധികൃതർ പുറത്തിറക്കി. ആകെ175 പേർക്കാണ് ക്ഷണം.

ചടങ്ങുകൾക്ക് മുന്നോടിയായി അയോദ്ധ്യ അണുവിമുക്തമാക്കും. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒരുക്കങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെത്തി വിലയിരുത്തി.

 ഇഖ്ബാൽ അൻസാരിക്കും ക്ഷണം

അയോദ്ധ്യകേസിലെ മുസ്ലിം കക്ഷികളിലൊരാളായിരുന്ന ഇഖ്ബാൽ അൻസാരിക്കും പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫിനും ക്ഷണമുണ്ട്. അയോദ്ധ്യകേസിലെ ആദ്യ ഹർജിക്കാരനായ ഹാഷിം അൻസാരിയുടെ മകനാണ് ഇഖ്ബാൽ അൻസാരി. ആദ്യ ക്ഷണക്കത്ത് ഇഖ്ബാൽ അൻസാരിക്കാണ് നൽകിയതെന്നും മാദ്ധ്യമ റിപ്പോർട്ടുണ്ട്.

'ക്ഷണം സ്വീകരിക്കുന്നതായും ഭഗവാൻ രാമന്റെ ആഗ്രഹമാണിതെന്ന് വിശ്വസിക്കുന്നതായും' അദ്ദേഹം പറഞ്ഞു.
20 വർഷത്തോളമായി അയോദ്ധ്യയിലെ അനാഥ മൃതദേഹങ്ങൾ സംസ്കരിക്കാൻ നടത്തിയ പ്രവർത്തനത്തിന് 2020ൽ പത്മശ്രീ ലഭിച്ചയാളാണ് ചാച്ചാ ഷെരീഫ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷെരീഫ്.

 ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉമാഭാരതി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രി ഉമാഭാരതി. ശിലാസ്ഥാപന സമയത്ത് സരയു തീരത്തുണ്ടാകുമെന്നും പ്രധാനമന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികൾ പോയ ശേഷം രാംലല്ല സന്ദർശിക്കുമെന്നും അവർ അറിയിച്ചു.

 പള്ളിക്ക് ഭൂമി കൈമാറി

ഭൂമിപൂജയ്ക്ക് മുന്നോടിയായി, സുപ്രീംകോടതി വിധി പ്രകാരം മുസ്ളിംപള്ളി പണിയാനുള്ള അഞ്ച് ഏക്കർ ഭൂമി ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ പ്രതിനിധികൾക്ക് ഔപചാരികമായി കൈമാറി. ഫൈസാബാദിലെ ധന്നിപുർ ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമിയുടെ രേഖകളാണ് അയോദ്ധ്യ ജില്ലാ മജിസ്‌ട്രേറ്റ് അനുജ്കുമാർ ഝാ ശനിയാഴ്ച കൈമാറിയത്.
പള്ളി നിർമ്മിക്കാനായി സുന്നിവഖഫ് ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റാണ് ഇൻഡോ- ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ.