rak

ന്യൂഡൽഹി : അയൽക്കാരിയുടെ ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ പ്രതിയോട്, പരാതിക്കാരിയെക്കൊണ്ട് കൈയിൽ രാഖി കെട്ടി സഹോദരിയാക്കൂ എന്ന വിചിത്ര നിർദേശവുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി. 50,000 രൂപയുടെ ഉറപ്പിന്മേൽ പ്രതിക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പരാതിക്കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ മദ്ധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശിയായ വിക്രം ബാർഗിനോടാണ്, ഹൈക്കോടതി ഇന്ദോർ ബെഞ്ചിലെ ജസ്റ്റിസ് റോഹിത് ആര്യയുടെ വിചിത്രനിർദേശം.

ഇന്നലെ രക്ഷാബന്ധന്റെ ഭാഗമായി പരാതിക്കാരിക്ക് 11,000 രൂപ നൽകാൻ പ്രതി തന്റെ ഭാര്യയെയും കൂട്ടി മധുരപലഹാരങ്ങളുമായി പരാതിക്കാരിയുടെ വീട്ടിലെത്തണം. തന്റെ കൈയിൽ രാഖി കെട്ടാൻ പരാതിക്കാരിയോട് അഭ്യർത്ഥിക്കണമെന്നും അവരുടെ ആശംസകൾ വാങ്ങണമെന്നും കോടതി നിർദേശത്തിൽ പറയുന്നു. മധുരപലഹാരവും വസ്ത്രങ്ങളും വാങ്ങാൻ 5,000 രൂപ പരാതിക്കാരിയുടെ മകന് നൽകണമെന്നും ഉത്തരവിലുണ്ട്. എന്നാൽ പരാതിക്കാരി അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും വീടിന് പുറത്ത് ഇറങ്ങാൻ പോലും കൂട്ടാക്കിയില്ലെന്നുമാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പീഡനശ്രമവും ഭീഷണിയും

കഴിഞ്ഞ ഏപ്രിൽ 20ന്, ലോക്ക്ഡൗൺ സമയത്ത് യുവതിയുടെ ഭർത്താവ് വാങ്ങിയ പണത്തിന് വേണ്ടിയാണ് പ്രതി 30കാരിയായ യുവതിയെ ഉപദ്രവിച്ചത്. ഒപ്പം സംഭവം പുറത്തറിയിച്ചാൽ കൊല്ലുമെന്നു ഭീഷണപ്പെടുത്തുകയും ചെയ്തു. ജൂൺ 2നാണ് യുവതി പരാതിയുമായി ഭത്പാചൽന പൊലീസ് സ്റ്റേഷനിലെത്തിയത്. അന്നുതന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. കീഴ്ക്കോടതികൾ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.