ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 18.50 ലക്ഷം കടന്നു. മരണം 39000ത്തിലേക്ക് അടുത്തു. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു. ഞായറാഴ്ച പ്രതിദിന മരണനിരക്കിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് ആഗോളതലത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് 52,783 പുതിയ രോഗികളും 758 മരണവുമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ അന്ന് 49,038 പുതിയ രോഗികളും 467 മരണവും. ബ്രസീലിൽ 24,801 പുതിയ രോഗികളും 514 മരണവും. കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നിലവിൽ മൂന്നാമതാണ്. മരണങ്ങളിൽ അഞ്ചാമതും.
രാജ്യത്തെ കൊവിഡ് പരിശോധന രണ്ടു കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,81,027 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 2,02,02,858 സാമ്പിളുകൾ പരിശോധിച്ചു. കൊവിഡ് മരണനിരക്ക് 2.11 ശതമാനമായി. ആകെ രോഗമുക്തരുടെ എണ്ണം 11.86 ലക്ഷം കടന്നു.
യെദിയൂരപ്പയുടെ മകൾക്കും കൊവിഡ്
കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മകൾക്കും ഓഫീസിലെ ആറു സ്റ്റാഫുകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മകൾ പത്മാവതി, യെദിയൂരപ്പയുടെ പേഴ്‌സണൽ സെക്രട്ടറി, ഗൺമാൻ, ഡ്രൈവർ തുടങ്ങിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഓഫീസും വസതിയും അണുവിമുക്തമാക്കി. അതേസമയം ഗവർണർ വാജുഭായ് വാല, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര എന്നിവരുടെ പരിശോധനാഫലം നെഗറ്റീവാണ്. 77 കാരനായ യെദിയൂരപ്പ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
സി.പി.ഐ ബിഹാർ സംസ്ഥാന സെക്രട്ടറി മരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സി.പി.ഐ ബിഹാർ സംസ്ഥാന സെക്രട്ടറി മരിച്ചു. രണ്ടു തവണ എം.എൽ.എയായിരുന്ന സത്യനരായൺ സിംഗ് (77) ആണ് ഞായറാഴ്ച രാത്രി 9.30 ഓടെ മരിച്ചത്. ജൂലായ് 30നാണ് അദ്ദേഹത്തെ പാട്ന എയിംസിൽ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ പ്രധാന നേതാവായിരുന്നു.
കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഐസൊലേഷനിൽ
കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്രനിയമമന്ത്രി രവിശങ്കർ പ്രസാദ് സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. ശനിയാഴ്ച അമിത് ഷായെ സന്ദർശിച്ചിരുന്നതായി രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയും ഐസൊലേഷനിൽ പ്രവേശിച്ചിരുന്നു.
കാർത്തി ചിദംബരത്തിനും പോസിറ്റീവ്
മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും എം.പിയുമായ കാർത്തി ചിദംബരത്തിന് കൊവിഡ്. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം ഹോംക്വാറന്റൈനിലാണ്. തമിഴ്നാട്ടിലെ ശിവഗംഗയിൽ നിന്നുള്ള ലോക്‌സഭാംഗമാണ് കാർത്തി.