ന്യൂഡൽഹി: രക്ഷാബന്ധൻ ദിനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാഖി അണിയിച്ച് മലയാളി നഴ്‌സുമാർ. പ്രസിഡന്റ്‌സ് സെക്രട്ടറിയേറ്റ് ക്ലിനിക്കിലെ സീനിയർ നഴ്‌സിംഗ് ഓഫീസർ ബിന്ദു ഷാജി, നഴ്‌സിംഗ് ഓഫീസർ ആശ തോമസ്, പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് ഓഫീസർ ഷീല നായർ എന്നിവരാണ് ചടങ്ങിൽ പങ്കെടുത്തത്. മിലിറ്ററി നഴ്സിംഗ് വിഭാഗത്തിൽ നിന്ന് ക്യാപ്ടൻ കീർത്തി ആർ.കെയും പങ്കെടുത്തു. ട്രെയിൻഡ് നഴ്‌സസ് അസോസിയേഷൻ ഒഫ് ഇന്ത്യ, മിലിറ്ററി നഴ്‌സിംഗ് സർവീസ്, പ്രസിഡന്റ്‌സ് എസ്റ്റേറ്റ് ക്ലിനിക് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഇന്നലെ രാഷ്ട്രപതിയെ സന്ദർശിച്ച് രാഖിയും ആശംസകളും കൈമാറിയത്. കൊവിഡ് 19 നേരിടുന്നതിലെ അനുഭവങ്ങളും അവർ വിശദീകരിച്ചു.
മറ്റുള്ളവരുടെ ജീവനുവേണ്ടി സ്വജീവൻ പണയപ്പെടുത്തി സേവനമനുഷ്ഠിക്കുന്ന രക്ഷകരാണ് നഴ്‌സുമാരെന്ന് രാഷ്ട്രപതി പറഞ്ഞു. ജോലിയോടുള്ള പ്രതിബദ്ധതയാണ് അവർക്ക് ആദരവ് നേടി കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിതരെ പരിചരിച്ചതിനെ തുടർന്ന് രോഗികളാവുകയും രോഗമുക്തി നേടിയശേഷം ജോലിയിൽ തിരികെ പ്രവേശിക്കുകയും ചെയ്ത മിലിറ്ററി നഴ്‌സിംഗ് സർവീസിലെ രണ്ട് അംഗങ്ങളുടെ സേവനം രാഷ്ട്രപതി എടുത്തുപറഞ്ഞു. രാജ്യത്തെ മുഴുവൻ നഴ്‌സുമാർക്കും രാഷ്ട്രപതി ആശംസകൾ അറിയിച്ചു.