pri

ന്യൂഡൽഹി: അയോദ്ധ്യയിൽ ഇന്ന് നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജ, രാജ്യത്ത് ഐക്യവും സാഹോദര്യവും സാംസ്‌കാരിക സമന്വയവും വിളംബരം ചെയ്യുന്നതാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

കൊവിഡ് രോഗവ്യാപനത്തിനിടെ മാർഗരേഖ ലംഘിച്ച് മതപരമായ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതും പ്രതിപക്ഷ കക്ഷികൾ എതിർക്കുന്നതിനിടെയാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നിലപാട് മാറ്റം.

കമൽനാഥ്, മനീഷ് തീവാരി തുടങ്ങിയ നേതാക്കളും ചടങ്ങിന് ആശംസ നേർന്നിരുന്നു.

രാമൻ ലാളിത്യം, ധൈര്യം, ക്ഷമ, ത്യാഗം, ആത്മാർത്ഥത എന്നിവയുടെ മൂർത്തീഭാവമാണെന്നും രാമൻ എല്ലായിടത്തും ഏവരിലും കുടികൊള്ളുന്നുവെന്നും ഹിന്ദിയിൽ പ്രിയങ്ക ട്വീറ്റു ചെയ്‌തു. രാമന്റെയും സീതാ ദേവിയുടെയും അനുഗ്രഹത്തോടെ നടക്കുന്ന ഭൂമിപൂജാ ചടങ്ങ് രാജ്യത്ത് ഐക്യവും സാഹോദര്യവും സാസ്‌കാരിക വിനിമയവും പുലരാനുള്ള സാഹചര്യമൊരുക്കുമെന്നും പ്രിയങ്ക പറഞ്ഞു. മദ്ധ്യപ്രദേശിലെ മുതിർന്ന നേതാക്കളായ കമൽനാഥ്, ദിഗ്‌വിജയ് സിംഗ്, മുൻ കേന്ദ്രമന്തിയും എം.പിയുമായ മനീഷ് തിവാരി എന്നിവരും ക്ഷേത്ര നിർമ്മാണത്തിന് ആശംസ നേർന്നിരുന്നു. ക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്‌തെങ്കിലും കൊവിഡിനിടെ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി പങ്കെടുക്കുന്നതും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് അടക്കം എതിർക്കുന്നു.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക രാമക്ഷേത്രത്തെ പിന്തുണയ്‌ക്കുന്നത് പാർട്ടി വടക്കെ ഇന്ത്യയിൽ സ്വീകരിക്കുന്ന മൃദുഹിന്ദു സമീപനത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നവംബറിലെ ക്ഷേത്ര നിർമ്മാണത്തിന് അനുകൂലമായ സുപ്രീംകോടതി വിധിയെ കോൺഗ്രസ് പ്രവർത്തക സമിതി സ്വാഗതം ചെയ്‌തിരുന്നു.