ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിൽ 68 ശതമാനം പുരുഷൻമാരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 32 ശതമാനമാണ് സ്ത്രീകൾ. കൊവിഡ് മരണങ്ങളിൽ പ്രായം നോക്കിയാൽ മരിച്ചവരിൽ പകുതിയും 60ഉം, അതിന് മുകളിൽ പ്രായമുള്ളവരാണെന്നും കേന്ദ്രം അറിയിച്ചു. കൊവിഡ് പുതിയ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും 82 ശതമാനം കേസുകളും ഇപ്പോഴും മഹാരാഷ്ട്ര ഉൾപ്പെടെ പത്ത് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലാണ്.
ജില്ലകൾ കണക്കാക്കിയാൽ 66 ശതമാനം കേസുകളും രാജ്യത്തെ 50 ജില്ലകളിലാണ്. രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളിൽ 0.27 ശതമാനം മാത്രമാണ് വെന്റിലേറ്ററിലുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
വെന്റിലേറ്റർ കയറ്റുമതി നിരോധനം നീക്കി
എല്ലാത്തരം വെന്റിലേറ്ററുകൾക്കുമുള്ള കയറ്റുമതി നിരോധനം കേന്ദ്രം നീക്കി. കൊവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തരലഭ്യത ഉറപ്പുവരുത്താൻ മാർച്ച് 24നാണ് വെന്റിലേറ്റുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്.