sialand

മനുഷ്യരാശിക്ക് അശാന്തിയായി വളരുന്നൊരു ദ്വീപ് ശാന്തസമുദ്രത്തിലുണ്ട്. മനുഷ്യന്റെ അനാസ്ഥ പെരുകുമ്പോൾ ഈ ദ്വീപിന്റെ വളർച്ചയും വേഗത്തിലാകുന്നു. ഹവായിക്കും കാലിഫോർണിയയ്ക്കും ഇടയിൽ അതിവേഗം വളരുന്ന ദ്വീപിന് ഇപ്പോൾ ഫ്രാൻസിന്റെ മൂന്നിരട്ടി വലിപ്പമുണ്ട്.

മൂന്നുവർഷം നീണ്ട ഗവേഷണത്തിനൊടുവിൽ നേച്ചേഴ്‌സ് സയന്റിഫിക് റിപ്പോർട്ട്‌സ് പുറത്തിറക്കിയ പഠനറിപ്പോർട്ട് പ്രകാരം 1.6 മില്യൺ സ്‌ക്വയർ കിലോമീറ്റർ വലിപ്പമുണ്ട് ഈ ദ്വീപിന്. ഭൂമിയിൽ ജലത്തിലടിഞ്ഞ ഏറ്റവും വലിയ പ്‌ളാസ്റ്റിക് തുരുത്തായ ഇതിന് ശാസ്ത്രജ്ഞർ നേരത്തേ വിചാരിച്ചതിനേക്കാൾ 16 മടങ്ങ് വലിപ്പമുണ്ട്. അതിനാൽ തന്നെ 30 ജലവാഹനങ്ങളും രണ്ട് വിമാനങ്ങളും ഉപയോഗിച്ചാണ് ത്രിമാന സ്‌കാനിംഗ് അടക്കമുള്ള പഠനം നടത്തിയത്. പഠനപ്രകാരം ഇതിൽ 92 ശതമാനവും വലിയ പ്‌ളാസ്റ്റിക് ചവറുകളും എട്ടുശതമാനം മൈക്രോ പ്‌ളാസ്റ്റിക് വിഭാഗവുമാണ്.

1970 മുതൽ ശാന്തസമുദ്രത്തിലെ ഈ പ്‌ളാസ്റ്റിക് ചവർശേഖരം ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. ശാന്തസമുദ്രത്തിലെ ഉഷ്ണജല പ്രവാഹം ധ്രുവമേഖലയിൽനിന്നുള്ള ശീതജല പ്രവാഹവുമായി ചേരുമ്പോൾ സമുദ്രത്തിലുണ്ടാകുന്ന ചുഴിയാണ് ഇത്തരം ഒരു ശേഖരം രൂപം കൊള്ളാനുള്ള കാരണം.
അതേസമയം സമുദ്രത്തിൽ പ്‌ളാസ്റ്റിക് വർദ്ധിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റെ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ എറിക് സോളിഹാം രംഗത്തിറങ്ങി. ഓരോവർഷവും എട്ടു മില്യൺ ടൺ പ്ലാസ്റ്റിക് സമുദ്രത്തിലെത്തുന്നതായാണ് കണക്ക്. സമുദ്രം ശുചിയാക്കുന്നതിനുള്ള ബൃഹത് പദ്ധതിയിൽ ബഹ്‌റെൻ ചേരുന്നതിന്റെ ഉടമ്പടിയിൽ ഒപ്പുവയ്ക്കാനെത്തിയ എറിക് മാദ്ധ്യമങ്ങളോട് ലോകം നേരിടാൻപോകുന്ന ഗുരുതരമായ പ്രശ്‌നം വിശദമാക്കി. ഇത്തരത്തിൽ പോയാൽ 2050 ഓടെ സമുദ്രത്തിൽ പ്‌ളാസ്റ്റിക് കുന്നുകൂടുമെന്ന് എറിക് പറഞ്ഞു.

സമുദ്ര ആവാസ വ്യവസ്ഥയുടെ അന്തകനാണ് പ്‌ളാസ്റ്റിക്. ഏതാണ്ട് 600ൽപരം സമുദ്ര ജീവി വർഗങ്ങളുടെ നിലനിൽപ്പിന് ഇതു ഭീഷണിയായിരിക്കയാണ്. കടലിലെ പായലുകളും പ്‌ളവകങ്ങളും തിന്നാണ് മൽസ്യങ്ങൾ ജീവിക്കുന്നത്. ഇതോടൊപ്പം സൂക്ഷ്മമായി അലിഞ്ഞ പ്‌ളാസ്റ്റിക് കൂടി മൽസ്യ ശരീരത്തിൽ എത്തുന്നുണ്ട്. ഇത് മൽസ്യങ്ങൾ കഴിക്കുന്ന മനുഷ്യനിലും എത്തുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ മനുഷ്യനിൽ ഇതുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്‌ളാസ്റ്റിക് ഉള്ളിൽ ചെന്ന് തിമിംഗലം അടക്കമുള്ള ജലജീവികൾ മരിക്കുന്നതും മറ്റും അടുത്തിടെ വാർത്തയായിരുന്നു.