spb

ന്യൂഡൽഹി: പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്. 74കാരനായ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിൽ സമ്മർദ്ദവും പനിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. ആരോഗനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ശിവരാജ് സിംഗ് ചൗഹാന് നെഗറ്റീവ്

കൊവിഡ് രോഗമുക്തി നേടിയ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ ആശുപത്രിവിട്ടു. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ ചൗഹാനോട് ഒരാഴ്ചകൂടി വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ജൂലായ് 25നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

യു.പിയിൽ ഒരു മന്ത്രിക്ക് കൂടി രോഗം

കൊവിഡ് രോഗികൾ ഒരു ലക്ഷം കടന്ന ഉത്തർപ്രദേശിൽ നിയമവകുപ്പ് മന്ത്രി ബ്രിജേഷ് പതകിനാണ് കൊവിഡ് സ്ഥിരീകരിച്ചു.

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. സമ്പർക്കത്തിൽ വന്നവർ ക്വാറന്റൈനിൽപോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അടുത്തിടെ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമൽ റാണി വരുൺ (62) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഉത്തർപ്രദേശ് ബി.ജെ.പി അദ്ധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.