ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ബീഹാർ സർക്കാരിന്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ചതായി കേന്ദ്രം സുപ്രീംകോടതിയിൽ. കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
സുശാന്തിന്റെ മരണം സംബന്ധിച്ച ബീഹാർ പൊലീസിന്റെ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ മൂന്ന് ദിവസത്തിനകം കൈമാറാൻ മുംബയ് പൊലീസിനോട് കോടതി നിർദ്ദേശിച്ചു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പാട്‌നയിൽ രജിസ്റ്റർ ചെയ്ത കേസ് മുംബയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
സുശാന്തിന്റെ മരണത്തിലെ യഥാർത്ഥ സത്യം പുറത്തു വരേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് നിരീക്ഷിച്ചു. മികച്ച കലാകാരനായ സുശാന്ത്, അസാധാരണ സാഹചര്യത്തിലാണ് മരിച്ചത്. ക്രിമിനൽ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മുംബയ് പൊലീസ് തെളിവ് നശിപ്പിക്കാൻ കൂട്ടു നിൽക്കുന്നുവെന്ന് സുശാന്തിന്റെ കുടുംബം സംശയിക്കുന്നതായി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ആരോപിച്ചു.
മുംബയ് പൊലീസിനാണ് അന്വേഷണത്തിനുള്ള അധികാരം. പാട്‌നയിൽ അല്ല മരണം സംഭവിച്ചത്. അതിനാൽ പാട്‌ന പൊലീസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്നും മഹാരാഷ്ട്ര സർക്കാർ വാദിച്ചു. എന്നാൽ, ബീഹാർ പൊലീസ് ഉദ്യോഗസ്ഥനെ ക്വാറന്റൈൻ ചെയ്ത നടപടി നല്ല സന്ദേശം നൽകുന്നതല്ലെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് പറഞ്ഞു.
പൂർണമായും പ്രൊഫഷണലായാണ് കാര്യങ്ങൾ നടക്കുന്നതെന്ന് മഹാരാഷ്ട്ര സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ബീഹാറിൽ നിന്നുള്ള അന്വേഷണസംഘത്തോട് മുംബയ് പൊലീസ് സഹകരിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് കേസ് ബീഹാർ സർക്കാർ സി.ബി.ഐക്ക് കൈമാറാൻ ശുപാർശ ചെയ്തത്. ഇതിനെ മഹാരാഷ്ട നേരത്തേതന്നെ എതിർത്തിരുന്നു. കേസന്വേഷണം സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളും തമ്മിൽ ഭിന്നത ഉടലെടുത്തിട്ടുണ്ട്.