virus

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികൾ 20 ലക്ഷത്തിലേക്ക് കുതിക്കുന്നതിനിടെ ആശ്വാസമായി മഹാനഗരങ്ങളായ ഡൽഹിയും മുംബയും. രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ട ഈ നഗരങ്ങളിൽ നിലവിൽ ആയിരത്തിൽ താഴെയാണ് പ്രതിദിന രോഗികൾ. ഡൽഹിയിൽ രോഗമുക്തി 90 ശതമാനത്തോളമായി. സജീവ രോഗികൾ (ആക്ടീവ് കേസുകൾ) പതിനായിരത്തിലേക്ക് താഴ്ന്നു. മുംബയിൽ രോഗമുക്തി 77 ശതമാനം. ആക്ടീവ് കേസുകൾ 21,000ത്തിൽ താഴെ. രണ്ടു നഗരങ്ങളിലും രോഗവളർച്ചാ നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്.

 ഡൽഹിയിൽ 1.40 ലക്ഷം രോഗികളും നാലായിരത്തിലേറെ മരണവും.

 മുംബയിൽ 1.19 ലക്ഷം കേസുകളും ആറായിരത്തിലേറെ മരണവും.

മാതൃകയായി ഡൽഹി

തുടർച്ചയായ മൂന്നാംദിവസവും പുതിയ രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ. ആഗസ്റ്റ് രണ്ടിന് 961 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നിന് 805,നാലിന് 674 എന്നിങ്ങനെ പ്രതിദിന രോഗികൾ. ജൂലായ് - ആഗസ്റ്റിൽ ഡൽഹിയിൽ ആക്ടീവ് കേസുകൾ 27007 നിന്ന് 9897 ആയി കുറഞ്ഞു. ഇതിൽ പകുതിയോളം പേരും വീട്ടിൽ നിരീക്ഷണത്തിലാണ്. ജൂലായ് അവസാനം അഞ്ചരലക്ഷം കൊവിഡ് രോഗികളെ പ്രതീക്ഷിച്ചിടത്താണ് ഈ നേട്ടം.
ആകെ മരണം നാലായിരം കടന്നെങ്കിലും പ്രതിദിന മരണനിരക്കിലും കുറവുണ്ട്. ഒരുഘട്ടത്തിൽ നൂറിലേറെ കൊവിഡ് മരണം സ്ഥിരീകരിച്ച ദേശീയ തലസ്ഥാനത്ത് ആഗസ്റ്റ് ഒന്നിന് 26 പേരാണ് മരിച്ചത്. രണ്ടിന് 15, മൂന്നിന് 17, നാലിന് 12 എന്നിങ്ങനെ പ്രതിദിന മരണം കുറഞ്ഞു. ജൂൺ രണ്ടാമത്തെ ആഴ്ച രോഗ സ്ഥിരീകരണനിരക്ക് 31 ശതമാനമായിരുന്നെങ്കിൽ നിലവിൽ രണ്ടാഴ്ചയായി ഇത് ആറുശതമാനമാണ്. അതേസമയം പരിശോധനകളുടെ എണ്ണം കുറഞ്ഞെന്നും ആക്ഷേപമുണ്ട്. പ്രതിദിനം 22000 സാമ്പിളുകൾ വരെ പരിശോധിച്ചിടത്ത് ഇപ്പോൾ പതിനായിരത്തിൽ താഴെയാണ് പരിശോധന. 674 പേർക്ക് രോഗം സ്ഥിരീകരിച്ച ആഗസ്റ്റ് നാലിന് ആകെ നടത്തിയത് 9295 പരിശോധനകളാണ്. ആഗസ്റ്റ് രണ്ടിന് 12730, മൂന്നിന് 10133 പരിശോധനകളുമാണ് നടത്തിയത്. ഭൂരിഭാഗവും റാപ്പിഡ് ആന്റിജൻ പരിശോധനയാണ്.

ഭീതിയൊഴിഞ്ഞ് മുംബയ്

തുടക്കത്തിൽ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളിൽ ഭൂരിഭാഗവും മുംബയിൽ നിന്നായിരുന്നു. ഇപ്പോഴിത് പൂനെ, താനെ നഗരങ്ങളിലേക്ക് മാറി. അഞ്ചുലക്ഷത്തിലേക്ക് നീങ്ങുന്ന മഹാരാഷ്ട്രയിലെ നിലവിലെ ആക്ടീവ് കേസുകളിൽ 27 ശതമാനവും പൂനെയിലും 21.5 ശതമാനം താനെയിലുമാണ്. 14.3 ശതമാനം മാത്രമാണ് ഇപ്പോൾ മുംബയുടെ സംഭാവന.

 പുതിയ രോഗികളെക്കാൾ രോഗമുക്തി കൂടി. രോഗമുക്തി നിരക്ക് 77 ശതമാനം. ആഗസ്റ്റ് 3ന് പുതിയ രോഗികൾ 970. രോഗമുക്തർ 1790. ആഗസ്റ്റ് 4ന് 709 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തർ 873 പേർ.

 കേസ് ഇരട്ടിക്കൽ നിരക്ക് 80 ദിവസമായി ഉയർന്നു. ആഗസ്റ്റ് ഒന്നിന് ഇത് 77 ദിവസമായിരുന്നു.

 ഏറെ ആശങ്കപ്പെട്ടിരുന്ന ധാരാവിയിൽ 80 ൽ താഴെ ആക്ടീവ് കേസുകൾ മാത്രം.