ന്യൂഡൽഹി:രാമൻ ജനിച്ച ഭൂമിയിലെ ക്ഷേത്രമായതിനാൽ അമ്പും വില്ലുമേന്തിയ യോദ്ധാവിന്റെ സ്ഥിരം രൂപത്തിന് പകരം രാമ ലല്ല വിരാജ്മാനാണ് (ബാലനായ രാമൻ) ഇന്നലെ തറക്കല്ലിട്ട രാമക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്‌ഠ. അയോദ്ധ്യയിലെ തർക്കസ്ഥലത്ത് വർഷങ്ങളോളം പ്ളാസ്‌റ്റിക് കൂടാരത്തിൽ വച്ച് ആരാധിച്ചിരുന്ന രാം ലല്ല വിഗ്രഹത്തെ തറക്കല്ലിടലിന്റെ ഭാഗമായി താത്‌ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയിരുന്നു.
തർക്കസ്ഥലത്തെ ചൊല്ലിയുള്ള കേസ് മൂലം വർഷങ്ങളായി രാം ലല്ലയുടെ വിഗ്രഹം ഒരു പ്ളാസ്‌റ്റിക് കൂടാരത്തിൽ ചെറിയ സ്‌റ്റൂളിലാണ് വച്ചിരുന്നത്. ചുറ്റും യന്ത്ര തോക്കുമായി സദാ കേന്ദ്ര സേനാംഗങ്ങളുടെ കാവൽ. തൊഴാൻ വരുന്ന വിശ്വാസികൾക്ക് രാംലല്ലയെ കാണാൻ കമ്പിവേലിയിൽ ഒരു കിളിവാതിലും സ്ഥാപിച്ചിരുന്നു. ആരെയും അധിക നേരം തൊഴാൻ അനുവദിച്ചിരുന്നില്ല. കൂടുതൽ നേരം നിന്നാൽ തോക്കേന്തിയ സൈനികർ തള്ളി നീക്കും.
ഏപ്രിലിൽ ഭൂമിപൂജ നടത്താനുള്ള ആദ്യ തീരുമാന പ്രകാരം കഴിഞ്ഞ മാർച്ചിലാണ് കൂടാരത്തിൽ നിന്ന് രാംലല്ലയെ താത്‌ക്കാലിക ക്ഷേത്രത്തിലേക്ക് മാറ്റിയത്. തുടർന്ന് തർക്ക സ്ഥലം മണ്ണു നിരത്തി ഭംഗിയാക്കി. വർഷങ്ങളോളം രാംലല്ലയെ വച്ച് ആരാധിച്ചിരുന്ന കൃത്യമായ സ്ഥലത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തിയത്.
രാംലല്ലയുടെ വിഗ്രഹം സൂക്ഷിച്ചിരുന്ന സ്ഥലം ഒഴികെ മിക്ക സ്ഥലങ്ങളും ആൾ സഞ്ചാരമില്ലാതെ വർഷങ്ങളോളം കാടു പിടിച്ചു കിടന്നതിനാൽ ഭൂമി വൃത്തിയാക്കൽ എളുപ്പമായിരുന്നില്ല.