അയോദ്ധ്യ:രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന് മുൻപായി പ്രധാനമന്ത്രി മോദി ക്ഷേത്ര ഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ടത് കൗതുകം പകർന്നു. സ്വർഗ്ഗീയ സുഗന്ധമുള്ള പാരിജാതപ്പൂക്കൾ ശ്രീരാമന് ഏറെ പ്രിയപ്പെട്ടതാണ്. ശ്രീരാമഭഗവാനെ അലങ്കരിക്കാനും ആരാധനയ്ക്കും പാരിജാതമാണ് ഉപയോഗിക്കുന്നത്. കാണാൻ മനോഹരി. സന്ധ്യക്ക് മാത്രം വിടരും. സുഗന്ധം ദിക്കുകൾ കടക്കും.
സമ്പത്തിന്റെ ദേവതയായ ലക്ഷ്മീ ദേവിക്കും പാരിജാത പൂക്കൾ വളരെ പ്രിയപ്പെട്ടതാണെന്ന് വിശ്വാസമുണ്ട്. ലക്ഷ്മി ദേവിക്കും ഈ പൂക്കൾ സമർപ്പിക്കാറുണ്ട്. പൂക്കൾ പറിച്ചെടുത്ത് ആരാധന ചെയ്യുന്നതല്ല പതിവ്, കൊഴിയുന്ന പൂക്കൾ മാത്രമെ പൂജയ്‌ക്കെടുക്കൂ എന്ന പ്രത്യേകതയും പാരിജാതത്തിന് സ്വന്തം. പതിന്നാല് വർഷത്തെ വനവാസക്കാലത്ത് അർച്ചനയ്ക്ക് ഉപയോഗിച്ചതും പാരിജാതപ്പൂക്കളായിരുന്നു എന്നും വിശ്വാസമുണ്ട്.
ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ സത്യഭാമയ്‌ക്കായി സ്വർഗത്തിൽ നിന്ന് പാരിജാത വൃക്ഷം കൊണ്ടുവന്നു എന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. പാലാഴി മഥനത്തിൽ പാൽക്കടലിൽ നിന്ന് ഉത്ഭവിച്ചതാണ് പാരിജാത വൃക്ഷമെന്നാണ് ഹിന്ദു വിശ്വാസം.വർഷം മുഴുവൻ വെളുത്ത പൂക്കളുണ്ടാകുന്ന 50 അടിയോളം ഉയരം വയ്ക്കുന്ന നിത്യഹരിതവൃക്ഷമാണ് പാരിജാതം. നാട്ടിലെങ്ങുമുള്ള പാരിജാതം ഹിമാലയത്തിന്റെ താഴ്വരയിലും സമൃദ്ധമായി വളരുന്നു.