ന്യൂഡൽഹി: പ്രധാനമന്ത്രിയായിട്ട് ആറുവർഷമായെങ്കിലും രാമക്ഷേത്രം ബി.ജെ.പിയുടെ വൈകാരിക വിഷയവും, രാഷ്‌ട്രീയ തുറുപ്പ് ചീട്ടുമായിരുന്നിട്ടും അയോദ്ധ്യയിൽ കാലുകുത്താതിരുന്ന ആളാണ് നരേന്ദ്രമോദി. ഇന്നലെ രാമക്ഷേത്രത്തിന് തറക്കല്ലിടാൻ അയോദ്ധ്യയിലെ മണ്ണിൽ അദ്ദേഹം കാലു കുത്തിയത് പഴയൊരു പ്രതിജ്ഞ പാലിച്ചുകൊണ്ടാണ്.
രാമജന്മഭൂമി പ്രക്ഷോഭം കത്തി നിന്ന 1992ലാണ് ഏറ്റവുമൊടുവിൽ മോദി അയോദ്ധ്യ സന്ദർശിച്ചത്. അന്ന് അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാവായിരുന്നില്ല. ഇനി ക്ഷേത്രം യാഥാർത്ഥ്യമാകുമ്പോഴേ അയോദ്ധ്യയിൽ കാലുകുത്തൂ എന്ന പ്രതിജ്ഞയെടുത്താണ് മടങ്ങിയത്.
പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായപ്പോഴും അദ്ദേഹം അയോദ്ധ്യയിൽ കയറിയില്ല. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ എത്തിയ ശേഷം 2014 മുതൽ രണ്ട് ലോക്‌സഭാ തിരഞ്ഞെുപ്പുകളിലും യു.പി തിരഞ്ഞെടുപ്പ് വേളയിലും അയോദ്ധ്യയിലെ റാലികളും പ്രചാരണ പരിപാടികളും മനഃപൂർവ്വം ഒഴിവാക്കിയിരുന്നു.
ഇന്നലെ നരേന്ദ്രമോദി ക്ഷേത്രത്തിന്റെ തറക്കല്ലിടൽ നിർവ്വഹിച്ച് പഴയ പ്രതിജ്ഞ പാലിച്ച ദിവസത്തിനമുണ്ട് ഒരു പ്രത്യേകത. കാശ്‌മീരിന്റെ പ്രത്യേക അധികാരം ഇല്ലാതാക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാവ് മുരളീമനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം 1992ൽ അയോദ്ധ്യയിൽ അവസാനമായി എത്തിയത്. 29 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ കാലുകുത്തിയത് ജമ്മുകാശ്‌മീരിന്റെ പ്രത്യേക അധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാർഷിക ദിനത്തിൽ.