modi

ന്യൂഡൽഹി: രാമക്ഷേത്ര ഭൂമിപൂജാ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. ആർ.എസ്.എസ്-ബി.ജെ.പി ബന്ധത്തിന്റെ പേരിൽ ഇരുവരും തമ്മിൽ ചർച്ചകളും കൂടിക്കാഴ്‌ചകളും പതിവാണെങ്കിലും പൊതുവേദിയിൽ ഒന്നിച്ച് വരുന്നത് ആദ്യമാണ്.

ഇന്നലെ ഭൂമിപൂജാ ചടങ്ങിലും സദസിനെ അഭിസംബോധന ചെയ്‌തപ്പോഴും ഇരുവരും ഒരുമിച്ചായിരുന്നു. മോദി ആദ്യം സന്ദർശിച്ച ഹനുമാൻ ഗഡി ക്ഷേത്രത്തിൽ സമൂഹ അകലം പാലിക്കുന്നതിന്റെ ഭാഗമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമാണ് അനുഗമിച്ചത്. ഭൂമിപൂജയ്‌ക്ക് പ്രധാനമന്ത്രിക്കും യോഗി ആതിദ്യനാഥ്, ഗവർണർ ആനന്ദി ബെൻ പട്ടേൽ, മോഹൻ ഭാഗവത് എന്നിവർക്കും പ്രത്യേക പീഠങ്ങൾ ഉണ്ടായിരുന്നു.

മോദി വെള്ളി ഇഷ്‌ടിക നിക്ഷേപിച്ച കുഴിയിലേക്ക് പൂക്കൾ ചൊരിയുമ്പോൾ ഗവർണർ ആനന്ദി ബെൻ വീഴാനൊരുങ്ങി. യോഗി ആതിഥ്യനാഥും മോഹൻ ഭാഗവതുമാണ് ഗവർണറെ താങ്ങി സഹായിച്ചത്.

ചടങ്ങിനുടനീളം ആറടി അകലം പാലിക്കാനും പുരോഹിതർ അടക്കം മാസ്‌ക് ധരിക്കാനും കർശന നിർദ്ദേശമുണ്ടായിരുന്നു. പ്രസംഗിച്ചപ്പോൾ മാത്രമാണ് മോദി മാസ്‌ക് നീക്കിയത്.