ന്യൂഡൽഹി :അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനെതിരെയുള്ള രണ്ടാമത്തെ കോടതി അലക്ഷ്യ കേസും സുപ്രീംകോടതി ഉത്തരവിനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ 50 ലക്ഷം രൂപ വിലയുള്ള ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ട്വിറ്ററിൽ നടത്തിയ പരാമർശത്തിനാണ് ഭൂഷണിനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്തത്.
കേസ് പരിഗണന പട്ടികയിൽ ഉൾപ്പെടുത്തിയത് നിയമം ലംഘിച്ചാണെന്ന് പ്രശാന്ത് ഭൂഷണിന്റെ അഭിഭാഷകൻ ദുഷ്യാന്ത് ദവേ വാദിച്ചെങ്കിലും കോടതി അത് തള്ളി. അഭിപ്രായം പറയുന്നതും വിയോജിപ്പ് രേഖപ്പെടുത്തുന്നതും എങ്ങനെയാണ് കോടതിയെ അപകീർത്തിപ്പെടുത്തലാവുക എന്ന് ദുഷ്യാന്ത് ദവേ ചോദിച്ചു. മോശമായ പരാമർശം ചീഫ് ജസ്റ്റിനെതിരെ പൊതുയിടങ്ങളിൽ നടത്തുന്നത് ജനങ്ങൾക്ക് കോടതിയിൽ അവമതിപ്പുണ്ടാക്കുമെന്നായിരുന്നു ജഡ്‌ജിമാരുടെ മറുപടി.