bsp

ന്യൂഡൽഹി: രാജസ്ഥാനിൽ അശോക് ഗെലോട്ട് സർക്കാരിന് ആശ്വാസമേകി ആറ് ബി.എസ്.പി എം.എൽ.എമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ ബി.ജെ.പി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചില്ല. അതേസമയം സിംഗിൾ ബെഞ്ചിന് കീഴിൽ 11ന് കേസ് തുടരും.

2018ലെ തിരഞ്ഞെടുപ്പിൽ ബി.എസ്.പി ടിക്കറ്റിൽ ജയിച്ച സന്ദീപ് യാദവ്, വാജിഅ് അലി, ദീപ്‌ചന്ദ് ഖേരിയ, ലഖൻ മീണ, ജോഗേന്ദ്ര ആവാന, രാജേന്ദ്ര ഗുദ്ധ എന്നിവർ 2019ൽ കോൺഗ്രസിൽ ചേർന്ന നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ മദൻ ദിലവറും ബി.എസ്.പി ദേശീയ സെക്രട്ടറി സതീഷ് മിശ്രയുമാണ് കോടതിയെ സമീപിച്ചത്. നേരത്തെ ഇവർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിച്ച് സ്‌പീക്കർക്ക് നോട്ടീസ് അയയ്‌ക്കാൻ ഉത്തരവിട്ടെങ്കിലും ആറ് അംഗങ്ങൾ സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കുന്നത് അടക്കം വിലക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. തുടർന്ന് ഈ ആവശ്യവുമായി ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എന്നാൽ 11ന് കേസ് പരിഗണിക്കുമ്പോൾ ആവശ്യം തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിന് നിർദ്ദേശം നൽകി തിരിച്ചയയ്‌ക്കുകയാണ് ഡിവിഷൻ ബെഞ്ച് ചെയ്‌തത്.