ന്യൂഡൽഹി: ലഡാക്കിൽ കഴിഞ്ഞ മേയിൽ ചൈനീസ് സേന ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറിയെന്ന് വ്യക്തമാക്കുന്ന തരത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരുന്ന കുറിപ്പ് ഇന്നലെ നീക്കി. ചൈനീസ് പട്ടാളം ഇന്ത്യൻ അതിർത്തിയിൽ കടന്നുകയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചോദ്യം ചെയ്തത് ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു.നിയന്ത്രണ രേഖയിലെ ചൈനീസ് കടന്നുകയറ്റം എന്ന തലക്കെട്ടിലായിരുന്നു കുറിപ്പ്. മേയ് അഞ്ചിന് ശേഷം ഗാൽവൻ താഴ്വരയിലും മേയ് 17-18തിയതികളിൽ കുങ്ക്രംഗ്, ഗോഗ്ര, പാംഗോഗ് മേഖലകളിലും ചൈനീസ് പട്ടാളം അതിക്രമിച്ചു കയറിയതായി കുറിപ്പിൽ വെളിപ്പെടുത്തിയിരുന്നു. ജൂൺ ആറിന് കമാൻഡർ തല യോഗത്തിന് ശേഷം ജൂൺ 15ന് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിൽ കലാശിച്ച ഏറ്റമുട്ടലിനെക്കുറിച്ചും വിശദീകരിച്ചിരുന്നു. പ്രകോപനം തുടരുന്ന സാഹചര്യത്തിൽ സൂക്ഷ്മ നിരീക്ഷണവും കരുതൽ നടപടികളും ആവശ്യമാണെന്ന വിലയിരുത്തലോടെയാണ് കുറിപ്പ് അവസാനിച്ചത്.കുറിപ്പ് അപ്രത്യക്ഷമായതിന് പിന്നാലെ 'പ്രധാനമന്ത്രി കള്ളം പറയുന്നത് എന്തിന്' എന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റും വന്നു.