mil

ന്യൂഡൽഹി: വടക്കൻ ലഡാക് അതിർത്തിയിലെ പാംഗോംഗ് തടാക്കരയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ചൈന പുതിയ ഉപാധികൾ മുന്നോട്ടു വച്ചതായി വിവരം. നിലവിൽ ഇന്ത്യൻ സൈനിക സാന്നിദ്ധ്യമുള്ള ഫിംഗർ മൂന്നിലെ പോസ്‌റ്റ് നീക്കം ചെയ്‌ത് ഇന്ത്യ സൈന്യത്തെ കൂടുതൽ പിന്നോട്ട് നീക്കണമെന്നാണ് ആവശ്യം. ഇത് അംഗീകരിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന സൈനിക കമാൻഡർമാരുടെ യോഗത്തിൽ ഇന്ത്യ വ്യക്തമാക്കി.

പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ എട്ട് മേഖലയാണ് ഇന്ത്യ നിയന്ത്രണ രേഖയായി കണക്കാക്കുന്നത്. എന്നാൽ നിലവിൽ ഫിംഗർ അഞ്ചുമുതൽ ഫിംഗർ എട്ടുവരെ ശക്തമായ ചൈനീസ് സാന്നിദ്ധ്യമുണ്ട്. ഫിംഗർ മൂന്ന് മേഖലയിൽ തടാകത്തിലേക്ക് തള്ളി നിൽക്കുന്ന ഭാഗത്തെ ധ്യാൻ സിംഗ് ഥാപാ പോസ്‌റ്റ് നീക്കം ചെ

യ്‌ത് ഇന്ത്യൻ സേനയും കൂടുതൽ പിൻമാറണമെന്നതാണ് ചൈനയുടെ ആവശ്യം.

തങ്ങളുടെ പ്രദേശത്ത് കടന്നുകയറിയ ചൈനയാണ് പിൻമാറേണ്ടതെന്ന നിലപാട് ചർച്ചയിൽ ഇന്ത്യ വിശദീകരിച്ചു. ഫിംഗർ മൂന്ന് ഇന്ത്യൻ പ്രദേശത്തായതിനാൽ പോസ്റ്റ് നീക്കം ചെയ്യുന്നതും സൈന്യത്തെ പിൻവലിക്കുന്നതും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. നിലവിൽ പ്രകോപനം ഒഴിവാക്കാൻ ഇരുപക്ഷവും തൽസ്ഥിതി തുടരുകയാണ്.

ചർച്ചകളെ തുടർന്ന് ഗാൽവൻ താഴ്‌വരയിലും ഹോട്ട്‌സ്‌പ്രിംഗ് മേഖലയിലും ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് ചൈനയുടെ പിടിവാശി കാരണം ധാരണകൾ പാലിക്കാൻ കഴിഞ്ഞിട്ടില്ല.