ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത് ഇന്ത്യയുടെ അഭ്യന്തര വിഷയമാണെന്നും അതിൽ പാകിസ്ഥാൻ അഭിപ്രായം പറയേണ്ടതില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ശിലാസ്ഥാപനത്തെ വിമർശിച്ച് പാക് സർക്കാർ പ്രസ്‌താവന നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. രാമക്ഷേത്രം നിർമ്മാണം സംബന്ധിച്ച പാകിസ്ഥാന്റെ വർഗീയത ഉണർത്തുന്ന പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. രാമക്ഷേത്ര നിർമ്മാണം ഇന്ത്യയുടെ അഭ്യന്തര വിഷയമാണ്. അതിൽ പാകിസ്ഥാൻ ഇടപെടേണ്ടതില്ല. തങ്ങളുടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശം നിഷേധിക്കുകയും അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ പ്രസ്‌താവന അദ്‌ഭുതപ്പെടുത്തുന്നില്ലെന്നും അതിനെ അപലപിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു.